ഹരിപ്പാട്: വീട്ടിൽ കയറി സ്ത്രീകളെ ആക്രമിച്ച കേസിൽ രണ്ടുപേരെ കനകക്കുന്ന് പൊലീസ് അറസ്റ്റു ചെയ്തു. കണ്ടല്ലൂർ പുതിയവിള ദേവ് നിവാസിൽ വിനീതയുടെ വീട്ടിൽ കയറി അതിക്രമം കാട്ടിയ പുതിയവിള അഖിൽ ഭവനത്തിൽ അഖിൽദാസ്(24), ജിത്തു ഭവനിൽ ജിത്തു(22)എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെയാണ് യുവാക്കള്‍ അസഭ്യം പറഞ്ഞുകൊണ്ട് വീട്ടില്‍ അതിക്രമിച്ചു കയറിയത്. വിനീതയും 12-വയസ്സുളള മകളും മാത്രമാണ് സംഭവസമയത്ത് വീട്ടിൽ ഉണ്ടായിരുന്നത്. 

പ്രതികൾ കയ്യിലുണ്ടായിരുന്ന ടോർച്ചുകൊണ്ട് വിനീതയെ അടിക്കുകയും വീടിനും ഗൃഹോപകരണങ്ങൾക്കും നാശം വരുത്തുകയും ചെയ്തു. ജനാല തല്ലിയുടച്ചു. കസേരയും ചെടിച്ചട്ടികളും നശിപ്പിച്ചു. വീടിനു പിന്നിലെ ഗ്രില്ലിനും കേടുപാടുണ്ടാക്കി. വിനീതയുടെ വീടിന് സമീപമുളള കലുങ്കിൽ പ്രതികളും കൂട്ടുകാരും മിക്കപ്പോഴും ഒത്തുകൂടാറുണ്ടായിരുന്നു. ഇവിടെ ഇരിക്കുമ്പോൾ ഇവരെ പലതവണ പോലീസ് വിരട്ടിയോടിച്ചിരുന്നു. 

വിനീത അറിയിച്ചിട്ടാണ് പൊലീസ് എത്തുന്നതെന്നാണ് പ്രതികൾ ധരിച്ചിരിക്കുന്നത്. ഈ വൈരാഗ്യമാണ് അക്രമത്തിന് പ്രേരണയായതെന്ന് പൊലീസ് പറഞ്ഞു. വടക്കൻ കോയിക്കൽ ഭാഗത്തുവച്ചാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡുചെയ്തു.