ബഹളം കേട്ട് നാട്ടുകാർ എത്തിയതോടെ വ്യാപാരിയുടെ കൈയ്യിലുണ്ടായിരുന്ന പണവുമായി പ്രതികൾ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.

തിരുവനന്തപുരം: ഉദിയൻ കുളങ്ങരയിൽ സിമന്‍റ് വ്യാപാരിയെ മർദ്ദിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. സിമന്‍റ് വ്യാപാരിയായ സുരേഷ് കുമാറിനെ മർദ്ദിച്ച കേസിലാണ് ഉദിയൻകുളങ്ങര, പുതുക്കുളങ്ങര പുത്തൻ വീട്ടിൽ സുബിൻ (22), 
ചെങ്കൽ, വട്ടവിള അശ്വിൻ രാജ് (22) എന്നിവരെ പാറശ്ശാല പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞദിവസമാണ് സംഭവം. 

സിമന്‍റ് ഗോഡൗണിൽ നിന്നും തന്‍റെ കാർ റോഡിലേയ്ക്ക് മാറ്റുന്നതിനിടയ്ക്ക് അതു വഴി ബൈക്കിലെത്തിയ പ്രതികൾ
സുരേഷ് കുമാറിനെ അസഭ്യം വിളിക്കുകയായിരുന്നു. ബൈക്ക് നിർത്തിയ ശേഷം സുരേഷിനെ യുവാക്കൾ ചീത്ത വിളിച്ചു. പിന്നീട് ബൈക്കെടുത്ത് മുന്നോട്ടു പോയവർ തിരികെ സുരേഷിന്‍റെ കടയിലെത്തി ആക്രമിക്കുകയായിരുന്നു.

സുരേഷുമായി വഴക്കിട്ട യുവാക്കൾ മുഖത്ത് ഇടിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ബഹളം കേട്ട് നാട്ടുകാർ എത്തിയതോടെ വ്യാപാരിയുടെ കൈയ്യിലുണ്ടായിരുന്ന പണവുമായി പ്രതികൾ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ് പാറശ്ശാല താലൂക്ക് ആശുപാത്രിയിൽ ചികിത്സ തേടിയ ശേഷം സുരേഷ് കുമാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

പാറശാല പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ഇന്ന് രാത്രിയോടെയാണ് സുബിനും അശ്വിനും പിടിയിലാകുന്നത്. പാറശാല സി.ഐ സജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാന്‍റ് ചെയ്തു.

Read More : അവധി കഴിഞ്ഞ് സ്കൂളിലെത്തിയ 7 വയസുകാരിക്ക് വയറുവേദന, സ്പ്രേ അടിച്ച്, ടേപ്പ് ഒട്ടിച്ച് പീഡനം; പ്രതി 'എട്ടര മണി'