ഇന്ന് ഉച്ചയോടെ ചെതലയം ആറാംമയില്‍ ഹോം സ്റ്റേയില്‍ നിന്നാണ് യുവാക്കള്‍ ആനക്കൊമ്പുമായി വനം വകുപ്പിന്‍റെ വലയിലാകുന്നത്. തിരുവനന്തപുരം ഫോറസ്റ്റ് ഇന്റലിജന്‍സ് സെല്ലിന് കിട്ടിയ രഹസ്യ വിവരത്തെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്.

സുല്‍ത്താന്‍ബത്തേരി: വയനാട്ടിൽ വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നതിനിടെ ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍. വടക്കനാട് പണയമ്പം തെക്കേകുന്നത്ത് ഷമിന്‍ ഫ്രാന്‍സിസ്(32), ചെതലയം ആറാംമയില്‍ വെട്ടുപാറപ്പുറത്ത് അഭിലാഷ് (44) എന്നിവരാണ് പിടിയില്‍ ആയത്. ഇവരില്‍നിന്ന് ഒരു ജോഡി ആനക്കൊമ്പും ചെറിയ ഒരു കൊമ്പിന്‍ കഷ്ണവും പിടിച്ചെടുത്തു. ഇരുവരുമെത്തിയ വാഹനവും വനവംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇന്ന് ഉച്ചയോടെ ചെതലയം ആറാംമയില്‍ ഹോം സ്റ്റേയില്‍ നിന്നാണ് യുവാക്കള്‍ വനം വകുപ്പിന്‍റെ വലയിലാകുന്നത്. തിരുവനന്തപുരം ഫോറസ്റ്റ് ഇന്റലിജന്‍സ് സെല്ലിന് കിട്ടിയ രഹസ്യ വിവരത്തെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്.

കല്‍പ്പറ്റ വിജിലന്‍സ്, കുറിച്യാട് റെയിഞ്ചുകളിലെയും കുപ്പാടി ഫോറസ്റ്റ് സ്റ്റേഷനിലെയും ഉദ്യോഗസ്ഥര്‍ അടങ്ങിയ സംഘമാണ് ഹോം സ്റ്റേയിൽ നിന്നും യുവാക്കളെ പിടികൂടിയത്. ആനക്കൊമ്പ് വാങ്ങാന്‍ ആളുകള്‍ എത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കായി വലവിരിക്കുകയായിരുന്നു. എന്നാല്‍ കൊമ്പ് വാങ്ങാനുള്ള സംഘം എത്തുന്നതിനുമുമ്പ് തന്നെ ഷമിന്‍ ഫ്രാന്‍സിസിനെയും അഭിലാഷിനെയും വനംവകുപ്പ് പൊക്കുകയായിരുന്നു. ആനക്കൊമ്പ് സംഘത്തിന് എവിടെ നിന്ന് ലഭിച്ചുവെന്നതിനെ കുറിച്ചും സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നതിനെ കുറിച്ചുമെല്ലാമുള്ള അന്വേഷണത്തിലാണ് വനംവകുപ്പ്.