കുന്നംകുളം പെരുംന്തുരുത്തി സെന്‍ററിൽ ബൈക്കിലിരുന്ന് ഫോൺ ചെയ്യുകയായിരുന്ന നിസ്സാമിനും അലിക്കും അരികിലെത്തിയ പ്രതികൾ, സ്കൂട്ടറിൽ നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെടുകയും ഇത് വാക്കുതർക്കത്തിൽ കലാശിക്കുകയുമായിരുന്നു.
തൃശൂർ: കുന്നംകുളം പഴഞ്ഞി പെരുംന്തുരുത്തി സെന്‍ററൽ യുവാക്കൾക്ക് നേരെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ആക്രമണം നടത്തിയ കേസിൽ പ്രതികൾ അറസ്റ്റിൽ. പെരുംന്തുരുത്തി സ്വദേശി നിസ്സാം, സുഹൃത്ത് അലി എന്നിവരെ ആക്രമിച്ച കേസിൽ പെരുന്തുരുത്തി സ്വദേശികളായ ശ്രീജിത്ത്, മിഥുൻ കൃഷ്ണ എന്നിവരെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 19ന് രാത്രി 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പെരുംന്തുരുത്തി സെന്‍ററിൽ ബൈക്കിലിരുന്ന് ഫോൺ ചെയ്യുകയായിരുന്ന നിസ്സാമിനും അലിക്കും അരികിലെത്തിയ പ്രതികൾ, സ്കൂട്ടറിൽ നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെടുകയും ഇത് വാക്കുതർക്കത്തിൽ കലാശിക്കുകയുമായിരുന്നു.
മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. തുടർന്ന് പ്രതികൾ നിസ്സാമിനെയും അലിയെയും മർദ്ദിച്ചു. ഇതിനിടെ ഒന്നാം പ്രതി സ്കൂട്ടറിൽ നിന്ന് ഇരുമ്പ് ദണ്ഡ് എടുത്ത് നിസ്സാമിന്റെ തല ലക്ഷ്യമാക്കി അടിക്കുകയുമായിരുന്നു. തല പെട്ടെന്ന് വെട്ടിച്ചു മാറ്റിയതിനാൽ അടി നെറ്റിയുടെ ഇടത്തുവശത്താണ് കൊണ്ടത്. ആക്രമണത്തിൽ നിസാമിന്റെ തലക്ക് പരിക്കേറ്റു. ലഹരി ഉപയോഗിച്ചെത്തിയാണ് പ്രതികൾ ആക്രമണം നടത്തിയതെന്ന് പരിക്കേറ്റവർ നൽകിയ മൊഴിയിൽ പറയുന്നു. പ്രതികളെ കുന്നംകുളം സബ് ഇൻസ്പെക്ടർ എ വി. സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്. പ്രതികൾക്കെതിരെ വധശ്രമത്തിന് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

