ആലപ്പുഴയിൽ തീരത്ത് പരിഭ്രാന്തി പരത്തി കള്ളക്കടൽ പ്രതിഭാസം. ഞായറാഴ്ച വൈകിട്ട് പുറക്കാട് ഭാഗത്ത് അതിശക്തമായി കടൽ കയറി. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് അവഗണിച്ച് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
അമ്പലപ്പുഴ: കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് അപ്രതീക്ഷിതമായി കടൽ കയറിയത് ജില്ലയുടെ തീരപ്രദേശത്ത് പരിഭ്രാന്തി പരത്തി. ഇന്നലെ വൈകിട്ടോടെയാണ് പുറക്കാട് ഭാഗത്ത് അതിശക്തമായി കടൽ കയറിയത്. കള്ളക്കടൽ പ്രതിഭാസം സംബന്ധിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് അവഗണിച്ച് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് കൂറ്റൻ തിരമാലകളെ തുടർന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കരയിലെത്തിയത്.
തോട്ടപ്പള്ളി, പുറക്കാട്, ആനന്ദേശ്വരം, പറവൂർ, ഗലീലിയ, തുമ്പോളി എന്നീ ഭാഗങ്ങളിൽ നിന്ന് കടലിൽ പോയ വള്ളങ്ങളാണ് അപ്രതീക്ഷിതമായുണ്ടായ കടലാക്രമണത്തിൽപെട്ടത്. കടലിൽ കൂറ്റൻ തിരമാലകൾ രൂപപ്പെട്ടത് കണ്ട് ഉടൻതന്നെ വള്ളങ്ങൾ കരയ്ക്കടുപ്പിച്ചതിനാലാണ് തങ്ങൾക്ക് ജീവൻ തിരികെ കിട്ടിയതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
അതേസമയം, കള്ളക്കടൽ പ്രതിഭാസത്തെക്കുറിച്ച് കാലാവസ്ഥാ വകുപ്പിന്റെ കൃത്യമായ മുന്നറിയിപ്പുണ്ടായിട്ടും തോട്ടപ്പള്ളി തീരദേശ പൊലീസ് ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളി സംഘടനകൾ ആരോപിച്ചു. തീരദേശ മേഖലയുമായി പരിചയമില്ലാത്ത ചില ഉദ്യോഗസ്ഥർ ചുമതലയേറ്റതോടെ, കടലിൽ പോകുന്ന തൊഴിലാളികൾക്ക് അടിയന്തര ഘട്ടങ്ങളിൽ ആവശ്യമായ സഹായങ്ങൾ ലഭിക്കുന്നില്ലെന്നും ഇവർക്ക് പരാതിയുണ്ട്.


