നോർത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള ലോഡ്ജിൽ നിന്നും 252.48 ഗ്രാം എംഡിഎംഎയുമായി ആദർശ്.എസ് എന്നയാളും ജവാഹർലാൽ നെഹ്റു ഇന്‍റർനാഷണൽ സ്റ്റേഡിയത്തിന് സമീപത്ത് നിന്നും മുഹമ്മദ് യാസീൻ എന്നയാളുമാണ് പിടിയിലായത്.
കൊച്ചി: എറണാകുളത്ത് എക്‌സൈസിന്റെ വൻ രാസലഹരി വേട്ട. രണ്ടിടത്തായി നടത്തിയ പരിശോധനയിൽ കാൽ കിലോയിലധികം എംഡിഎംഎ പിടിച്ചെടുത്തു. എറണാകുളം എക്സൈസ് റേഞ്ച് ടീം നടത്തിയ റെയ്ഡിലാണ് രണ്ട് കേസുകളിലായി വ്യാവസായിക അളവിൽ ലഹരിമരുന്ന് പിടികൂടിയത്. നോർത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള ലോഡ്ജിൽ നിന്നും 252.48 ഗ്രാം എംഡിഎംഎയുമായി ആദർശ്.എസ് (28) എന്നയാളും ജവാഹർലാൽ നെഹ്റു ഇന്‍റർനാഷണൽ സ്റ്റേഡിയത്തിന് സമീപത്ത് നിന്നും 5.32 ഗ്രാം എംഡിഎംഎ, 0.008 ഗ്രാം LSD സ്റ്റാമ്പ് എന്നിവയുമായി മുഹമ്മദ് യാസീൻ (25) എന്നയാളുമാണ് പിടിയിലായത്.
എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അഭിരാജ്.ആർ ഉം പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനകളിൽ പ്രിവന്റീവ് ഓഫീസർമാരായ ടോമി.എൻ.ഡി, ഷാബു.സി.ജി, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) അനീഷ്.കെ.ജോസഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രവീൺ കുമാർ.വി.എച്ച്, ജിബിനാസ്.വി.എം, പത്മഗിരീശൻ, വനിത സിവിൽ എക്സൈസ് ഓഫീസർ അഞ്ചു ആനന്ദൻ എന്നിവർ പങ്കെടുത്തു.


