പാച്ചല്ലൂരിൽ നിന്നും കോവളത്തേക്ക് വരുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്കും എതിർ ദിശയിൽ നിന്നും വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.

തിരുവനന്തപുരം: തിരുവല്ലം പാച്ചല്ലൂരിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് ഗുരുതര പരിക്ക്. പാച്ചല്ലൂർ പാറവിള സ്വദേശി ആദർശ് (23), പാച്ചല്ലൂർ സ്വദേശി ആൽബിൻ (24) എന്നിവർക്കാണ് പരിക്കേറ്റത്. പാച്ചല്ലൂർ മുടിപ്പുരയ്ക്ക് സമീപം വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം. പാച്ചല്ലൂരിൽ നിന്നും കോവളത്തേക്ക് വരുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്കും എതിർ ദിശയിൽ നിന്നും വന്ന ലോറിയുമാണ് കൂട്ടിയിടിച്ചതെന്ന് നാട്ടുകാർ പറയുന്നു. 

സംഭവ സമയം ആദർശ് ആയിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. പാച്ചല്ലൂർ ജംഗ്ഷനിൽ നിന്നും വളവ് തിരിഞ്ഞ് വന്ന ലോറിയിൽ ഇടിക്കാതെ ഇരിക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് ലോറിയിൽ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഇരുവരെയും ഉടനെ തന്നെ 108 ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ഇരുവർക്കും തലയ്ക്ക് ആണ് പരിക്ക്. ഇതിൽ ആൽബിന്റെ പരിക്ക് ഗുരുതരമാണ്. മെഡിക്കൽ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. തിരുവല്ലം പൊലീസ് കേസെടുത്തു.

Read More : 'ബില്ല് അടച്ചിട്ടും ഫ്യൂസ് ഊരി'; കെഎസ്ഇബി ഓവർസിയറെ ഓഫീസിൽ കയറി തല്ലി, അഞ്ച് പേർ അറസ്റ്റില്‍

 അതേ സമയം കോഴിക്കോട് താമരശ്ശേരിയില്‍ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞ് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. താമരശ്ശേരി -എടവണ്ണ സംസ്ഥാന പാതയിൽ താമരശ്ശേരിക്ക് സമീപം കുടുക്കിൽ ഉമ്മരത്താണ് അപകടം. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണം. കാഞ്ഞിരപ്പള്ളി സ്വദേശികൾ സഞ്ചരിച്ച കാറാണ് തലകീഴായി മറിഞ്ഞത്. കാറിൽ ഉണ്ടായിരുന്ന മനീഷ്, ജോഷി എന്നിവരാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. നിയന്ത്രണം വിട്ട കാർ റോഡരികിലെ മതിലിൽ ഇടിച്ചാണ് അപകടം.