മലപ്പുറം: തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്ന തിരക്കിലായിരുന്നു വണ്ടൂര്‍ പഞ്ചായത്ത് 16-ാം വാര്‍ഡിലെ നിയുക്ത കൗണ്‍സിലര്‍ വി രുഗ്മിണി. എല്‍ഡിഎഫ് മുന്നണിക്ക് വേണ്ടി മത്സരിച്ച് വിജയിച്ച രുഗ്മിണിയുടെ ആഘോഷ പരിപാടിയിലേക്ക് പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാര്‍ത്ഥി അന്‍ശിദ ജാസര്‍ എത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ ആദ്യം ഒന്ന് അമ്പരന്നെങ്കിലും സംഭവം അറിഞ്ഞപ്പോള്‍ എല്ലാവരുടെയും മുഖത്ത് സന്തോഷം. ആഘോഷത്തിലേക്ക് മധുരം വിളമ്പാന്‍ കേക്കുമായാണ് അന്‍ശിദ ജാസര്‍ എത്തിയത്. പിന്നീട് ഇരുവരും ചേര്‍ന്ന് മധുരം പങ്കിടുകയായിരുന്നു.

ഈ അപൂര്‍വ കാഴ്ച്ചയെ നാട് തന്നെ എറ്റെടുത്തിരിക്കുകയാണ്. എതിര്‍ സ്ഥാനാര്‍ത്ഥി വിജയിച്ചാല്‍ കേക്ക് നല്‍കണമെന്ന് പ്രചാരണ സമയത്ത് തന്നെ തീരുമാനിച്ചിരുന്നതായി അന്‍ശിദ പറഞ്ഞു. കഴിഞ്ഞ തവണ രണ്ട് വോട്ടിനാണ് യു ഡി എഫ് വാര്‍ഡ് പിടിച്ചെടുത്ത്. ഇക്കാരണത്താല്‍ കടുത്ത മത്സരമാണ് വാര്‍ഡില്‍ നടന്നത്. ഒടുവില്‍ 76 വോട്ടിനാണ് എല്‍ ഡി എഫിലെ വി രുഗ്മിണി പഞ്ചായത്തിലേക്ക് തെരഞ്ഞടുക്കപ്പെട്ടത്.