Asianet News MalayalamAsianet News Malayalam

അമ്മയോടിച്ച സ്കൂട്ടര്‍ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞു; ഇരട്ടക്കുട്ടികളില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം

വീട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലെയുള്ള അമ്പിലികോണം എൽ.എം.എസ്.എൽ.പി.സ്കൂളിലെ യു.കെ.ജി വിദ്യാർത്ഥികളാണ് പവൻ സുനിലും നിവിൻ സുനിലും.

UKG student died in scooter accident
Author
First Published Sep 16, 2022, 12:38 PM IST


തിരുവനന്തപുരം: നിയന്ത്രണം വിട്ട സ്കൂട്ടർ കനാലിലേയ്ക്ക് മറിഞ്ഞ് യുകെജി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. അമ്മയോടൊപ്പം സ്കൂട്ടറില്‍ സ്കൂളിലേക്ക് പോകവെ കനാല്‍ പാലത്തില്‍ വച്ച് നിയന്ത്രണം വിട്ട സ്കൂട്ടര്‍, പാലത്തില്‍ നിന്നും കനാലിലേക്ക് വീണുണ്ടായ അപകടത്തെ തുടര്‍ന്നാണ് കുട്ടി മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമ്മയെയും ഇരട്ട സഹോദരനെയും പരിക്കുകളോടെ ആശുത്രിയിൽ പ്രവേശിപ്പിച്ചു. പൂവാർ കാരോട് മാറാടി ചെന്മൺകാല വീട്ടിൽ സുനിൽ, മഞ്ചു ദമ്പതികളുടെ ഇരട്ടമക്കളിൽ മൂത്ത മകൻ പവൻ സുനിൽ (5) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ വീടിന് മുമ്പിലുള്ള പാറശാല - കൊല്ലങ്കോട് ഇറിഗ്വേഷന്‍റെ കീഴിലുള്ള കനാൽ പാലത്തില്‍ വച്ചാണ് അപകടമുണ്ടായത്. 

വീട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലെയുള്ള അമ്പിലികോണം എൽ.എം.എസ്.എൽ.പി.സ്കൂളിലെ യു.കെ.ജി വിദ്യാർത്ഥികളാണ് പവൻ സുനിലും നിവിൻ സുനിലും. അമ്മ മഞ്ചുവിനൊപ്പം സ്കൂട്ടറില്‍ ഇരുവരും സ്കൂളിലേക്ക് പോകവെ,  ഇറിഗ്വേഷന്‍റെ കീഴിലുള്ള കനാൽ പാലത്തില്‍ വച്ച് വണ്ടിയുടെ നിയന്ത്രണം വിട്ടു. ഇതോടെ കൈവരികളില്ലാത്ത പാലത്തില്‍ നിന്ന് സ്കൂട്ടറോടൊപ്പം മൂവരും കനാലിലേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ പവൻ സുനിൽ സ്കൂട്ടറിന്‍റെ അടിയിൽ അകപ്പെട്ടു. ശബ്ദം കേട്ട് ഓടി എത്തിയ നാട്ടുക്കാർ അമ്മയെയും കുട്ടികളെയും പാറശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും പവൻ സുനിലിന്‍റെ ജീവൻ രക്ഷിക്കാനായില്ല. 

നേരിയ പരിക്കുകൾ ഉള്ള മഞ്ചുവിനെ പ്രാഥമിക ചികിത്സ നൽകിയ ശേഷം വീട്ടിലേയ്ക്ക് വിട്ടയച്ചു. ഗുരുതര പരിക്കുകളോടെ നിവിൻ സുനിലിനെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ വലത്തെ തോളിന് പൊട്ടലുണ്ട്. പിതാവ് സുനിൽ വിദേശത്താണ്. പൊഴിയൂർ പൊലീസ് സ്ഥലത്ത് എത്തി പരിശോധനകൾ നടത്തി. അപകടത്തിൽപ്പെട്ട വാഹനം പൊലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റി. പാറശാല ഗവ.ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന പവന്‍റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വെള്ളിയാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം അമ്പിലികോണം എൽ.പി. സ്കൂളിൽ പൊതു ദർശനത്തിന് വയ്ക്കും. തുടർന്ന് മൃതദേഹം വീട്ടുവളപ്പിൽ സംസ്ക്കരിക്കും. അപ്രതീക്ഷിതമായുണ്ടായ അപകടത്തിന്‍റെ ഞെട്ടലിലാണ് നാട്ടുകാര്‍. 
 

Follow Us:
Download App:
  • android
  • ios