Asianet News MalayalamAsianet News Malayalam

തലയോട്ടിയില്‍ തറച്ചുനിന്ന വെടിയുണ്ട പുറത്തെടുത്തു; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വീണ്ടും അവിശ്വസനീയ ശസ്ത്രക്രിയ

എയർഗണ്ണിൽ നിന്നും അബദ്ധത്തിൽ വെടിയുതിര്‍ത്ത് വായിലൂടെ തലയോട്ടിയിൽ തുളച്ചുകയറിയ വെടിയുണ്ട പുറത്തെടുത്തു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന അതിസങ്കീർണ ശസ്ത്രക്രിയയിലൂടെയാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. 

Unbelievable surgery at Thiruvananthapuram Medical College bullet hit the skull and pulled out
Author
Kerala, First Published Nov 12, 2019, 7:29 PM IST


തിരുവനന്തപുരം: എയർഗണ്ണിൽ നിന്നും അബദ്ധത്തിൽ വെടിയുതിര്‍ത്ത് വായിലൂടെ തലയോട്ടിയിൽ തുളച്ചുകയറിയ വെടിയുണ്ട പുറത്തെടുത്തു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന അതിസങ്കീർണ ശസ്ത്രക്രിയയിലൂടെയാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. 

ശരീരത്തിനുള്ളിൽ കടന്ന ഫോറിൻബോഡി അഥവാ അന്യവസ്തു പുറത്തെടുക്കുന്ന അതിസൂക്ഷ്മവും സങ്കീർണവുമായ ശസ്ത്രക്രിയ രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ടാം തവണയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കുന്നത്. വർക്കല സ്വദേശിയായ 36 കാരനെയാണ് ഇത്തവണ വെടിയുണ്ട തലയോട്ടിയിൽ തറച്ചനിലയിൽ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തിയത്. 

എയർഗൺ തുടച്ചു വൃത്തിയാക്കുന്നതിനിടെ വെടി പൊട്ടുകയും വെടിയുണ്ട വായിലൂടെ തുളച്ചുകയറി തലയോട്ടിയ്ക്കടിയിൽ മെഡുലയ്ക്ക് മുന്നിലായി തറച്ചു നില്‍ക്കുകയുമായിരുന്നു. ന്യൂറോ സർജറി വിഭാഗത്തിൽ പ്രവേശിപ്പിച്ച യുവാവിനെ അഡീഷണൽ പ്രൊഫസറും ആശുപത്രി സൂപ്രണ്ടുമായ ഡോ. എംഎസ് ഷർമ്മദിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു. 

മൈക്രോസ്കോപ്പ്, സിആം എന്നീ ഉപകരണങ്ങളുടെ സഹായത്തോടെ വായിലൂടെ തന്നെ നടത്തിയ ശസ്ത്രക്രിയയിലൂടെ വെടിയുണ്ട പുറത്തെടുത്തു. മൂന്നര മണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ ന്യൂറോ സർജറി വിഭാഗത്തിലെ ഡോ. അഭിഷേക്, ഡോ. രാജ് എസ് ചന്ദ്രൻ, ഡോ. ദീപു, ഇ എൻ ടി വിഭാഗത്തിലെ ഡോ. നിഖില, ഡോ. മുബിൻ, ഡോ. ലെമിൻ, ഡോ. ഷാൻ, അനസ്തേഷ്യാ വിഭാഗത്തിലെ ഡോ. ഉഷാകുമാരി, ഡോ. ജയചന്ദ്രൻ, ഡോ. നരേഷ്, ഡോ. ഗായത്രി, ഡോ. രാഹുൽ, നേഴ്സുമാരായ ബ്ലെസി, സിന്ധു തീയേറ്റർ ടെക്നീഷ്യൻ ജിജി, സയന്റിഫിക് അസിസ്റ്റൻറ് റിസ് വി, തീയേറ്റർ അസിസ്റ്റന്റുമാരായ നിപിൻ, വിഷ്ണു എന്നിവർ ശസ്ത്രക്രിയയിൽ പങ്കാളികളായി.

ഏതാനും ദിവസം മുമ്പ് ഭക്ഷണത്തിലൂടെ നേരിയ ഇരുമ്പ് കമ്പി ഉള്ളിൽ കടന്ന നിലയിൽ ആശുപത്രിയിലെത്തിയ മറ്റൊരു യുവാവിനെ കാർഡിയോ തൊറാസിക് വിഭാഗത്തിലെ ഡോക്ടർമാർ സങ്കീർണമായ ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തിയതും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയുടെ യശസ് ഉയർത്തിയ സംഭവമാണ്. 

Follow Us:
Download App:
  • android
  • ios