കോട്ടയം: കോട്ടയത്തെ റെയില്‍പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട പ്രതിസന്ധി അയയുന്നു. വരുന്ന സെപ്റ്റംബര്‍ മുപ്പതിന് മുൻപ് സ്ഥലം ഏറ്റെടുത്ത് റെയില്‍വേക്ക് നല്‍കാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. കഴിഞ്ഞ മൂന്നര വര്‍ഷമായി സ്ഥലമേറ്റെടുപ്പ് നൂലാമാലകളില്‍ തട്ടി കോട്ടയം ഭാഗത്തെ റെയില്‍വേ വികസനം മുടങ്ങിക്കിടക്കുകയാണ്

ഒച്ചിഴയുന്ന വേഗത്തിലാണ് കോട്ടയത്തെ റെയില്‍വേ വികസനം നടക്കുന്നത്. ചിങ്ങവനം മുതല്‍ ഏറ്റുമാനൂര്‍ വരെയുള്ള 16 കിലോ മീറ്റര്‍ പാത ഇരട്ടിപ്പിക്കലാണ് സ്ഥലം ഏറ്റെടുക്കാൻ സാധിക്കാത്തതിനാല്‍ മുടങ്ങിക്കിടക്കുന്നത്. സ്ഥലം ഉടമകളുമായി പല തവണ ജില്ലാ ഭരണകൂടം ചര്‍ച്ച നടത്തിയെങ്കിലും നഷ്ടപരിഹാര പാക്കേജില്‍ ചര്‍ച്ചകള്‍ ഉടക്കി നില്‍ക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കോട്ടയം ജില്ലാ കളക്ടര്‍ റെയില്‍വേ ഉദ്യോഗസ്ഥരുടേയും റവന്യൂ ഡെപ്യൂട്ടി കളക്ടറുടേയും യോഗം വിളിച്ചത്. സ്ഥലമുടമകളുമായി വീണ്ടും ചര്‍ച്ച നടത്തും. നഷ്ടപരിഹാര പാക്കേജ് പുനപരിശോധിക്കുമെന്നാണ് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ മുൻപ് ഈ നടപടികള്‍ അവസാനിപ്പിക്കുമെന്നാണ് വിവരം. 

നേരത്തെ 2018 മെയ് മൂന്നിന് പൂര്‍ണ്ണമായും സ്ഥലം ഏറ്റെടുത്ത് നല്‍കാനായിരുന്നു തീരുമാനം. 2020 ഓടെ കോട്ടയത്തെ ഇരട്ടപ്പാതയുടെ പണിപൂര്‍ത്തിയാക്കി വൈദ്യുതീകരിച്ച് ട്രെയിൻ ഗതാഗതം പൂര്‍ണ്ണമായും സാധ്യമാക്കാനാണ് റെയില്‍വേയും തീരുമാനിച്ചിരുന്നത്. സ്ഥലം ഏറ്റെടുത്ത് കൈമാറിയാലും പാത ഇരട്ടിപ്പിക്കല്‍ ജോലി പൂര്‍ത്തിയാക്കുന്നതിന് രണ്ട് വര്‍ഷം വേണമെന്നാണ് കണക്കാക്കുന്നത്.മുട്ടമ്പലം മുതല്‍ റെയില്‍വേ സ്റ്റേഷൻ വരെയുള്ള പാറ പൊട്ടിക്കല്‍ മാത്രമാണ് ഇത് വരെ നടന്നത്. കെ കെ റോഡിലെ പാറ പൊട്ടിക്കല്‍ ഇനിയും അവശേഷിക്കുകയാണ്. കോട്ടയം യാര്‍ഡ് വികസനവും അഞ്ച് പാലങ്ങളുടെ പണിയും പൂര്‍ത്തിയാക്കാനുണ്ട്.