പത്തനംതിട്ട: കാണാതായ പതിനൊന്നുകാരനെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായത് അമ്മാവന്‍റെ മൊബൈല്‍ ഫോണ്‍. പത്തനംതിട്ടയിലെ പെരുനാട് നെടുമണ്ണില്‍ നിന്നും കാണാതായ കുട്ടിയെ അമ്മാവന്‍റെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ മാവേലിക്കരയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. 

തലേദിവസം അമ്മാവന്‍റെ കൂടെ ഉറങ്ങാന്‍ കിടന്നതാണ് കുട്ടി. വീട്ടില്‍ നിന്നും പുലര്‍ച്ചെ 5.30ഓടെ കുട്ടിയെ കാണാതായെന്നാണ് ബന്ധുക്കളുടെ പരാതി. വീടുവിട്ടിറങ്ങിയ കുട്ടി അമ്മാവന്‍റെ ഫോണും കയ്യില്‍ കരുതിയിരുന്നു. വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ കുട്ടി വഴിയില്‍ നിന്ന് ഒരു ഇരുചക്രവാഹന യാത്രക്കാരന്‍റെ സഹായത്തോടെ ബസ് ലഭിക്കുന്ന സ്ഥലം വരെ എത്തി. അവിടെ നിന്ന് സ്വകാര്യ ബസില്‍ പത്തനംതിട്ടയിലേക്ക് പോയി. അവിടെ നിന്നാവാം മാവേലിക്കരയില്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു.

കുട്ടിയെ കാണാനില്ലെന്ന് പരാതി ലഭിച്ചതോടെ രാവിലെ ഒമ്പതു മണിയോടെ മൊബേല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മാവേലിക്കരയില്‍ നിന്ന് കുട്ടിയെ കണ്ടെത്തിയത്.