കഴിഞ്ഞ രണ്ടിനാണ് സംഭവം. നന്ദിക്കര സ്വദേശിനിയായ 15 കാരിയും 22 കാരൻ യുവാവും വാടാനപ്പള്ളിക്കടുത്ത് തമ്പാൻ കടവിലെ ഷാപ്പിലെത്തി കള്ളുകുടിച്ചു.

തൃശൂര്‍: തളിക്കുളം തമ്പാൻകടവിൽ പതിനഞ്ചുകാരിക്ക് കള്ള് നൽകിയ ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കിയതിന് പിന്നാലെ കൂടുതല്‍ നടപടികളുമായി എക്സൈസ്. ഷാപ്പിന്‍റെ നടത്തിപ്പുക്കാരായ പറവൂർ സ്വദേശി രവീന്ദ്രന്‍റെ ഗ്രൂപ്പിന് കീഴിലുള്ള മറ്റ് ആറ് ഷാപ്പുകളുടെ ലൈസൻസ് റദ്ദാക്കാതിരിക്കാൻ എക്സൈസ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. കഴിഞ്ഞ രണ്ടിനാണ് സംഭവം. നന്ദിക്കര സ്വദേശിനിയായ 15 കാരിയും 22 കാരൻ യുവാവും വാടാനപ്പള്ളിക്കടുത്ത് തമ്പാൻ കടവിലെ ഷാപ്പിലെത്തി കള്ളുകുടിച്ചു.

പിന്നീട് സ്നേഹതീരം ബീച്ചിലെത്തി ബഹളം വച്ചതോടെയാണ് പൊലീസ് എത്തിയത്. ചോദ്യം ചെയ്യലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെന്ന് വ്യക്തമായി. ഇതോടെ രക്ഷിതാക്കളെ വിളിച്ചു വരുത്തി മൊഴിയെടുത്ത ശേഷമാണ് അവർക്കൊപ്പം പെൺകുട്ടിയെ പൊലീസ് വിട്ടയച്ചത്. പിറ്റേന്ന് ആൺ സുഹൃത്തിനെയും കള്ള് ഷാപ്പ് മാനേജരെയും ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തിയ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.

നന്ദിക്കര സ്വദേശി സുബ്രഹ്മണി, ഷാപ്പ് മാനേജർ ബിനോജ് എന്നിവരാണ് അറസ്റ്റിലായത്. ഒരാഴ്ച മുൻപ് ഇരുവരും ജാമ്യം നേടി പുറത്തിറങ്ങി. എഫ് ഐ ആറിന്റെ പകർപ്പ് സഹിതം എക്സൈസിന് പൊലീസ് റിപ്പോട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

മദ്യവും കള്ളും വാങ്ങാനും ഉപയോഗിക്കാനുമുള്ള പ്രായം 23 ആയിരിക്കെ അബ്കാരി ചട്ടം ലംഘിച്ച് മദ്യം വിളമ്പിയതാണ് ഷാപ്പ് മാനേജർക്കെതിരെയുള്ള കുറ്റം. എക്സൈസ് കമ്മീഷണർ നടത്തിയ അന്വേഷണത്തിലും ചട്ടലംഘനം വ്യക്തമായതോടെയാണ് ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കി ഉത്തരവിറങ്ങിയത്. ലൈസൻസി നൽകുന്ന വിശദീകരണം തൃപ്തികരമല്ലെങ്കിൽ ലൈസൻസ് നീക്കം ചെയ്യുമെന്നാണ് സൂചന. ഷാപ്പുകള്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍ വ്യാപിപ്പിക്കാനും എക്സൈസ് സംഘം തീരുമാനിച്ചിട്ടുണ്ട്. 

യുവാവിനെ അഴിക്കുള്ളിലാക്കി വിദ്യാര്‍ഥിനികളുടെ ബുദ്ധി; പൊതുവഴിയിൽ ശല്യം, പിന്നാലെയോടി ഭയപ്പെടുത്തി, അറസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം