കൊച്ചി റൂറൽ ജില്ലയിൽ അനധികൃത പണമിടപാടുകാർക്കെതിരെ പൊലീസ് വ്യാപക പരിശോധന നടത്തി.
കൊച്ചി: അനധികൃത പണമിടപാട് നടത്തി ആളുകളെ ചൂഷണം ചെയ്യുന്നവർക്കെതിരെ കർശന നടപടിയുമായി എ റണാകുളം റൂറൽ ജില്ലാ പൊലീസ്. ഞായറാഴ്ച ജില്ലയിൽ നടന്ന വ്യാപക പരിശോധനയിൽ നാല് പേർക്കെതിരെ കേസ് എടുത്തു. കുറുമശേരി ആലപ്പടി സ്വദേശി മിനി, ആലങ്ങാട് ഓളനാട് സ്വദേശി സീന, മൂവാറ്റുപുഴ വാളകം സ്വദേശി ബെന്നി, വാഴക്കുളം സ്വദേശി ഷിനോയ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. ജില്ലാ പൊലീസ് മേധാവി കെഎസ് സുദർശൻ്റെ നേതൃത്വത്തിൽ 42 ഇടങ്ങളിലായിരുന്നു പരിശോധന നടത്തിയത്. 80 ബ്ലാങ്ക് ചെക്കുകൾ, പേരും തീയതിയും രേഖപ്പെടുത്താത്ത ചെക്കുകൾ, വാഹനങ്ങളുടെ ആർ സി ബുക്കുകൾ, അനുബന്ധ രേഖകൾ, പണമിടപാടുകളുടെ രേഖകൾ, രജിസ്റ്ററുകൾ, പതിനൊന്ന് ഇരുചക്ര വാഹനങ്ങൾ, രണ്ട് കാറുകൾ, രേഖയില്ലാത്ത 12.5 ലക്ഷം രൂപ എന്നിവ കണ്ടെടുത്തു. ആലുവ സബ്ഡിവിഷനിൽ 10 സ്ഥലങ്ങളിൽ, പെരുമ്പാവൂർ സബ് ഡിവിഷനിൽ 10 സ്ഥലങ്ങളിൽ, മുവാറ്റുപുഴ സബ് ഡിവിഷനിൽ 11 ഇടങ്ങളിൽ, മുനമ്പം സബ്ഡിവിഷനിൽ എട്ട് സ്ഥലങ്ങളിൽ, പുത്തൻകുരിശ് സബ്ഡിവിഷനിൽ മൂന്ന് സ്ഥലങ്ങളിൽ എന്നിങ്ങനെയായിരുന്നു പരിശോധന. വരും ദിവസങ്ങളിലും റെയ്ഡുകൾ തുടരുമെന്ന് ജില്ലാ പൊലിസ് മേധാവി കെഎസ് സുദർശൻ പറഞ്ഞു.


