കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപമുള്ള കിണറിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മായനാട് കുന്നുമ്മൽ നിർമ്മാണത്തിലിരിക്കുന്ന വുഡ്എർത്ത് കമ്പനിയുടെ സ്ഥലത്തെ കിണറിലാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന് ഏകദേശം ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

മുണ്ടും ഷർട്ടുമാണ് മൃതദേഹത്തിൽ കാണപ്പെട്ടത്. രണ്ട് ഹവായ് ചെരുപ്പുകൾ കിണറിന് പുറത്തുണ്ട്. ഇവിടെ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾ പറമ്പിൽ വീണു കിടക്കുന്ന നാളികേരം പെറുക്കുന്നതിനിടെ ദുർഗന്ധം വമിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.

വിവരം അറിയിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് പൊലീസ് സ്ഥലത്തെത്തി കാവലേർപ്പെടുത്തി. ഇന്ന് കാലത്ത് 
മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടി പൂർത്തീകരിച്ചതിന് ശേഷം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും. അതിനിടെ പരിസരത്തു നിന്നും ഒരു യുവാവിനെ കാണാതായതായി സംശയം ഉയർന്നിട്ടുണ്ട്.