കോഴിക്കോട് കക്കോടിയിൽ അർദ്ധരാത്രി ഗ്യാസ് സിലിണ്ടറുമായി കണ്ട അജ്ഞാതൻ നാട്ടുകാരെ കണ്ടതോടെ ബൈക്കിൽ രക്ഷപ്പെട്ടു. സംശയം തോന്നിയ നാട്ടുകാർ ചോദ്യം ചെയ്തപ്പോൾ പരിഭ്രാന്തനായ ഇയാൾ സിലിണ്ടർ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. 

കോഴിക്കോട്: അര്‍ദ്ധരാത്രിയില്‍ ദുരൂഹ സാഹചര്യത്തില്‍ ഗ്യാസ് സിലിണ്ടറുമായി കണ്ട ആള്‍ നാട്ടുകാര്‍ കൂടിയതിനെ തുടര്‍ന്ന് ഓടി രക്ഷപ്പെട്ടു. കോഴിക്കോട് കക്കോടി പാലത്ത് എന്ന സ്ഥലത്താണ് അസാധാരണ സംഭവങ്ങള്‍ നടന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ 1.30 ഓടെ തന്റെ വീടിന് സമീപം ബൈക്കില്‍ ഗ്യാസ് സിലിണ്ടറുമായി അപരിചിതന്‍ നില്‍ക്കുന്നത് തട്ടാരക്കല്‍ അബൂബക്കര്‍ കാണുകയായിരുന്നു.

അപരിചിതന്റെ സാന്നിധ്യം കണ്ട് പുറത്തിറങ്ങിയ അബൂബക്കര്‍ ഇയാളോട് കാര്യം അന്വേഷിച്ചപ്പോള്‍ കുമാരസ്വാമി ഭാഗത്തേക്കുള്ള വഴി തിരയുകയാണെ് മറുപടി നല്‍കി. എന്നാല്‍ യുവാവിന്റെ മറുപടിയിലും പെരുമാറ്റത്തിലും സംശയം തോന്നിയ അബൂബക്കര്‍ ഉടന്‍ തന്നെ അയല്‍വാസികളെ വിവരമറിയിച്ചു. നാട്ടുകാര്‍ സംഘടിക്കുന്നത് കണ്ട് പരിഭ്രാന്തനായ യുവാവ് കൈവശമുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ അവിടെത്തന്നെ ഉപേക്ഷിച്ച് ബൈക്കുമായി കടന്നുകളയുകയായിരുന്നു. 

നാട്ടുകാര്‍ സംഘടിച്ച് ഊട്ടുകുളം ഭാഗം വരെ തിരച്ചില്‍ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. നാട്ടുകാര്‍ കാക്കൂര്‍ പോലീസില്‍ വിവരം അറിയിച്ചിട്ടുണ്ട്. ഗ്യാസ് സിലിണ്ടര്‍ എവിടെ നിന്നുള്ളതാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഏതെങ്കിലും വീട്ടില്‍ നിന്നും മോഷ്ടിച്ചതാകാം എന്ന നിഗമനത്തിലാണ് നാട്ടുകാര്‍.