മൃതദേഹം തീര്‍ത്തും അഴുകിയ നിലയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അതേ സമയം ജൂലൈ 30ന് വടക്കനാട് പള്ളിവയല്‍ ഉന്നതിയിലെ 64-കാരിയായ തങ്കിമരത്തിയെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കള്‍ പൊലീസിനെ സമീപ്പിച്ചിരുന്നു.

സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ വനത്തിനുള്ളില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ എട്ടരയോടെ വയനാട് വന്യജീവി സങ്കേതത്തിലുള്‍പ്പെട്ട കുറിച്ച്യാട് റെയ്ഞ്ചിലെ പള്ളിവയല്‍ പൂക്കക്കൂന്നില്‍ ഒരു കിലോമീറ്ററോളം ഉള്‍ക്കാട്ടിലാണ് അസ്ഥികൂടമായ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. വനത്തിലേക്ക് പോയ ഗോത്രനിവാസികള്‍ കണ്ടതിനെ തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തീര്‍ത്തും അഴുകിയ നിലയിലായിരുന്നു മൃതദേഹമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അതേ സമയം ജൂലൈ 30ന് വടക്കനാട് പള്ളിവയല്‍ ഉന്നതിയിലെ 64-കാരിയായ തങ്കിമരത്തിയെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കള്‍ പൊലീസിനെ സമീപ്പിച്ചിരുന്നു.

തുടര്‍ന്ന് വയോധികക്കായി പ്രദേശത്തെ തോട്ടങ്ങളിലും വനപ്രദേശത്തും ജലാശയങ്ങളിലുമായി പൊലീസും വനംവകുപ്പും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ ഇന്നേക്ക് 43 ദിവസമായിട്ടും തങ്കിമൊരത്തിയെ കണ്ടെത്തിയിട്ടില്ല. വയോധികക്കായുള്ള തിരച്ചില്‍ നടക്കുന്നതിനിടെ, പൊലീസ് മൊഴിയെടുത്തതിന് ശേഷം ഇവരുടെ കൊച്ചുമകനായ സുധീഷ് എന്ന മുരളി (29)യെ കാണാതായിരുന്നു. മുരളിക്കായുള്ള തിരച്ചില്‍ നടക്കുന്നതിനിടെ ഇക്കഴിഞ്ഞ ഓഗസ്റ്റ് 16ന് യുവാവിനെ വീട്ടിനടുത്ത തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

തങ്കിമരത്തിയുടെ മകള്‍ ശാന്തയുടെ മകനാണ് മുരളി. ഇയാളുടെ ദുരൂഹമരണത്തിലും തങ്കിമൊരത്തിയെ കാണാതായതിലും പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് സ്ത്രീയുടെ അജ്ഞാത മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. അതേ സമയം മരിച്ചത് തങ്കിമരത്തിയാണോ എന്ന കാര്യം പൊലീസിന് സ്ഥിരീകരിക്കാനായിട്ടില്ല. ശാസ്ത്രീയമായ പരിശോധനക്ക് ശേഷമേ മൃതദേഹം തിരിച്ചറിയാനാകൂ. ഫോറന്‍സിക്, ഡിഎന്‍എ അടക്കമുള്ള പരിശോധനകള്‍ ഇതിനായി വേണ്ടിവരും.