വിഴിഞ്ഞത്ത് മത്സ്യബന്ധന ബോട്ടുമായി കൂട്ടിയിടിച്ച എംവി സോളിസ് കപ്പലിൽ ഇന്ധനം തീരാറായതിനെ തുടർന്ന് അധികൃതർ അടിയന്തരമായി 1000 ലിറ്റർ ഇന്ധനം നിറച്ചു. രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായ ഈ അപകടത്തെത്തുടർന്ന് മാർച്ച് ഒമ്പത് മുതൽ കപ്പൽ വിഴിഞ്ഞം പുറംകടലിൽ നങ്കൂരമിട്ടിരിക്കുകയാണ്.

തിരുവനന്തപുരം: പുറംകടലിൽ മത്സ്യബന്ധന ബോട്ടു മുങ്ങിയ സംഭവത്തോടനുബന്ധിച്ച് വിഴിഞ്ഞത്ത് തുടരുന്ന എംവി സോളിസ് കപ്പലിൽ അടിയന്തരമായി ഇന്ധനം നിറച്ചു. ഇന്ധനം തീരാറായെന്നുള്ള സന്ദേശം കപ്പൽ ക്യാപ്റ്റൻ, ഡയറക്‌ടർ ജനറൽ ഓഫ് ഷിപ്പിങിന് അയച്ചിരുന്നു. തുടർന്നാണ് മാരിടൈം ബോർഡ് വിഴിഞ്ഞം തുറമുഖ അധികൃതർ ഇടപ്പെട്ടത്. താത്കാലികമായി 1000 ലിറ്റർ ഇന്ധനം ഇന്നലെ കപ്പലിൽ നിറച്ചു. ബോട്ട് മുങ്ങിയ സംഭവത്തോടനുബന്ധിച്ച് മാർച്ച് ഒമ്പതിന് വിഴിഞ്ഞം കടലിലെത്തിച്ച കപ്പൽ മുന്നറിയിപ്പ് ഉണ്ടാകും വരെ തുറമുഖം വിടരുതെന്ന് ഉത്തരവുണ്ട്.

മാർച്ച് ഏഴിന് ഉച്ചയ്ക്ക് 1.45-ഓടെ കന്യാകുമാരിയിലെ മുട്ടം തുറമുഖത്തുനിന്നു 57 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം. ഒമാൻ തുറമുഖത്തുനിന്ന് ശ്രീലങ്കയിലെ കൊളംബോ തുറമുഖത്തേക്ക് പോകുകയായിരുന്നു കപ്പൽ. മത്സ്യബന്ധനം കഴിഞ്ഞ് തൊഴിലാളികൾ വിശ്രമിച്ചിരുന്ന ബോട്ടിലേക്കാണ് കപ്പലിടിച്ച് കയറിയത്. ബോട്ടിലുണ്ടായിരുന്ന 11 മത്സ്യത്തൊഴിലാളികൾ ഇടിയുടെ ആഘാതത്തിൽ കടലിൽ വീണിരുന്നു. ഇവരിൽ ഒൻപതുപേരെ അപകടത്തിനിടയാക്കിയ കപ്പലിലെ ജീവനക്കാർ രക്ഷപ്പെടുത്തിയിരുന്നു.

അതേസമയം, ഇവർക്കൊപ്പമുണ്ടായിരുന്ന കൊൽക്കത്ത സ്വദേശികളായ ലെഖാനെയും ഇദ്ദേഹത്തിന്‍റെ മകൻ ബാവലിനെയും ഇതുവരെയും കണ്ടെത്തിയിട്ടില്ല. മെർക്കൈന്‍റയിൽ മറൈൻ ഡിപ്പാർട്ട്മെന്‍റിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കപ്പലിന്‍റെ മുൻഭാഗത്തിന് തൊട്ടുതാഴെയുള്ള ബൾബസ് ബോ എന്ന ഭാഗമാണ് മീൻപിടിത്ത ബോട്ടിലേക്ക് ഇടിച്ചുകയറിയതെന്ന് കണ്ടെത്തിയിരുന്നു. ഈ ഭാഗത്തുള്ള പെയിന്‍റ് ഇളകിയ നിലയിലാണ്‌. കപ്പലിലുള്ള ഡാറ്റാ റെക്കോഡർകൂടി പരിശോധിച്ചായിരുന്നു ഇക്കാര്യം ഉറപ്പുവരുത്തിയത്.

വിഴിഞ്ഞത്തെ പുറംകടലിലാണ് കപ്പൽ നിലവിൽ നങ്കൂരമിട്ടിട്ടുള്ളത്. ക്യാപ്റ്റൻ അടക്കം 24 പേരാണ് കപ്പലിലുള്ളത്. പുറംകടലിൽ തങ്ങുന്നതിന് ലക്ഷങ്ങളാണ് മാരിടൈം ബോർഡിന് നൽകുന്നത്. ഇന്ധനം തീരുന്നതായി മുന്നറിയിപ്പെത്തിയതോടൊണ് ഇന്നലെ വിഴിഞ്ഞത്ത് നിന്നും താൽക്കാലിക സംവിധാനമൊരുക്കിയത്. കൊച്ചിയിൽനിന്ന്‌ കൂടുതൽ ഇന്ധനം എത്തിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.