Asianet News MalayalamAsianet News Malayalam

കുട്ടനാടിനെ ഭീതിയിലാഴ്ത്തി കിഴക്കൻ വെള്ളത്തിന്റെ വരവ്, വീണ്ടും വെള്ളപ്പൊക്കം; ദുരിത ജീവതം

വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും കന്നുകാലി തൊഴുത്തുകളിലുമുൾപ്പടെ വെള്ളം കയറി. ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും അഭയം തേടി തിരികെയെത്തിയവർക്ക് വീണ്ടും ക്യാമ്പുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.

Upper Kuttanad flooded houses under water after heavy rain
Author
First Published Aug 30, 2022, 9:43 PM IST

ആലപ്പുഴ: സംസ്ഥാനത്ത് മഴ കനത്ത് കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതോടെ കുട്ടനാട് വീണ്ടും വെള്ളപ്പൊക്കത്തിലേക്ക്. കുട്ടനാട്, ചെങ്ങന്നുർ താലുക്കുകൾ പ്രളയഭീതിയിലായി. മുട്ടാർ, തലവടി പഞ്ചായത്തുകളിലാണ് കെടുതി ഏറ്റവും കുടുതൽ ബാധിച്ചിരിക്കുന്നത്. ഉരുൾപൊട്ടലിന്റെ അനന്തര ഫലവും വൃഷ്ടിപ്രദേശത്ത് മഴ ശക്തമാവുകയും ചെയ്തതിനെ തുടർന്ന് പമ്പയിലും അച്ചൻകോവിലാറ്റിലും ജലനിരപ്പ് വൻതോതിൽ ഉയരുകയും നദികളിൽ ശക്തമായ ഒഴുക്ക് അനുഭവപ്പെട്ടും തുടങ്ങി. ഇതോടെ കുട്ടനാടിന്റെ തെക്കൻ മേഖല വെള്ളത്തിനടിയിലായി. 

വീയപുരം, മേൽപ്പാടം, വള്ളക്കാലി, ചെറുതന തുടങ്ങിയ പ്രദേശങ്ങളിലും പമ്പയുടെ തീരപ്രദേശത്തെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ശക്തമായ വെള്ളപ്പൊക്കത്ത തുടർന്ന് വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും കന്നുകാലി തൊഴുത്തുകളിലുമുൾപ്പടെ വെള്ളം കയറി വീടുകളിലും മറ്റും താമസിക്കാൻ കഴിയാതെ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും അഭയം തേടി തിരികെയെത്തിയവർക്ക് വീണ്ടും ക്യാമ്പുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. വെള്ളത്തിൽ വീടുകൾ തേച്ചു കഴുകുന്നതിനും ശുചിയാക്കുന്നതിനും ഏറെ ത്യാഗം സഹിക്കേണ്ടി വന്ന സാധാരണക്കാർക്കാണ് അപ്രതീക്ഷിതമായി ജലനിരപ്പ് വൻതോതിൽ ഉയർന്നത് ഭീഷണിയായിരിക്കുന്നത്. 

ഒരു രാത്രി കൊണ്ട് വീടിന്റെ മുറ്റങ്ങൾ നിറഞ്ഞു കവിഞ്ഞു. താഴ്ന്ന പ്രേദേശ ങ്ങൾ പൂർണ്ണമായും മുങ്ങി. അടുത്ത പുഞ്ചകൃഷിക്കായി വെള്ളം കയറുന്നത് തടയുന്നതിനായി മട അടച്ചെങ്കിലും രണ്ടു ദിവസമായി ചെയ്യുന്ന കനത്ത മഴയിൽ പാടശേഖരം മുങ്ങി. മട അടയ്ക്കാത്ത പാടശേഖരങ്ങളാകട്ടെ, പൂർണ്ണമായും മുങ്ങിയ അവസ്ഥയിലാണ്. കലങ്ങിമറിഞ്ഞെത്തുന്ന വെള്ളവും ശക്തമായ ഒഴുക്കം വീടുകളുടെ ഭിത്തിയിലേക്കാണ് പതിയ്ക്കുന്നത്. ഇത് വീടിന് ബലക്ഷയവും ഭാവിയിൽ വീടിന്റെ തകർച്ചയ്ക്കും കാരണമാകുമെന്നും നദീതീരങ്ങളിൽ താമസിക്കുന്നവർ പറയുന്നു. വെള്ളപ്പൊക്കം ശക്തമാകുന്ന പശ്ചാത്തലത്തിൽ കെട്ടിപ്പെറുക്കി ക്യാമ്പുകളിലേക്കോ ബന്ധുവീടുകളിലേക്കോ കൂടുമാറേണ്ട ഗതികേടിലെന്നും ദുരിതബാധിതർ പറയുന്നു. അതിനിടെ രാമങ്കരിയിൽ പാടശേഖരത്തിലെ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു. രമാങ്കരി 13-ാം വാർഡ് വേഴപ്രയിൽ നാല്‍പ്പതില്‍വീട്ടില്‍ ശശിധരൻ (70) ആണ് മരിച്ചത്. 

Upper Kuttanad flooded houses under water after heavy rain

എ സി റോഡ് അടക്കം പ്രധാന റോഡുകളും വെള്ളക്കെട്ടിലാണ്.  ദുരിത മേഖലകളിൽ നിന്ന് ജനങ്ങളെ മാറ്റിപാർപ്പിക്കാനുള്ള നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. മുട്ടാർ സെന്റ് ജോർജ് സ്കുൾ, തലവടി സ്കുൾ എന്നിവിടങ്ങളിലേക്ക് ജനങ്ങളെ മാറ്റാനാണ് ആലോചന. ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജ വെള്ളപ്പൊക്ക ദുരിത ബാധിത മേഖലകൾ സന്ദർശിച്ചു. ജനങ്ങളെ അടിയന്തിരമായി മാറ്റാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന് കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കുട്ടനാട് മേഖലയിൽ 45 കെട്ടിടങ്ങൾ കണ്ടെത്തി സജ്ജമാക്കി കഴിഞ്ഞു. കൂടാതെ 65 വള്ളങ്ങൾ, 42 മോട്ടോർ ബോട്ട്, നാല് ജങ്കാർ എന്നിവയും തയ്യാറാക്കിയിട്ടുണ്ട്. താലൂക്ക് അടിസ്ഥാനത്തിൽ കൺട്രോൾ റുമുകളും തുറന്നിട്ടുണ്ട്. കിടപ്പ് രോഗികൾക്കും മറ്റും അവശ്യ മരുന്നുകൾ എത്തിക്കുന്നതിന് ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. 

Upper Kuttanad flooded houses under water after heavy rain

ചെങ്ങന്നൂരിൽ നിലവിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ആറ് കുടുംബങ്ങളിൽ നിന്നായി 27 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. ചെങ്ങന്നൂർ, തിരുവൻവണ്ടുർ മേഖലകളിലാണ് ഇത് തുടങ്ങിയിരിക്കുന്നത്. കായംകുളത്തും വിവിധ പ്രദേശങ്ങളിലെ റോഡുകളും വീടുകളും വെള്ളത്തിലായി. ഐക്യജംഗ്ഷൻ കീരീക്കാട് മസ്ജിദ് റോഡ്, ഏവൂർ മുട്ടം റോഡിൽ കോയിക്കൽപ്പടി ജംഗ്ഷൻ, ഇല്ലത്ത് ഭാഗം, ഇല്ലിക്കുളം ഭാഗം, എരുവ ചെകപ്പള്ളി - മാവിലേത്ത് റോഡ്, ജി. ഡി. എം അഡിറ്റോറിയം റോഡ്, എരുവ എഴാം വാർഡിലെ റോഡുകൾ, മുണ്ടകത്തിൽ റോഡ് എന്നിവടങ്ങളിലെ റോഡുകളും വീടുകളും ആണ് വെള്ളത്തിനടയിലായത്. വെളളം കെട്ടി കിടക്കുന്നതിനാല്‍ ഈറോഡുകളിലൂടെ യാത്ര ഏറെ സാഹസമാണ്.

Latest Videos
Follow Us:
Download App:
  • android
  • ios