10,000 രൂപ വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിന് മോര്‍ഫ് ചെയ്ത ഫോട്ടോ അയച്ച് വിഷ്ണുവിനെ ഭീഷണിപ്പെടുത്തിയതായി ബന്ധുക്കള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

കോഴിക്കോട്: വടകരയില്‍ യുവാവിനെ കാണാതായ സംഭവം ലോണ്‍ ആപ്പ് ജീവനക്കാരുടെ ഭീഷണിയെ തുടര്‍ന്നാണെന്ന പരാതിയുമായി കുടുംബം രംഗത്ത്. വടകര ആയഞ്ചേരി സ്വദേശി വാളാഞ്ഞിയില്‍ വിഷ്ണു പ്രകാശി(25)നെയാണ് ഈ മാസം 13 മുതല്‍ കാണാതായത്. ബാങ്കിലേക്ക് എന്നു പറഞ്ഞാണ് യുവാവ് പുറത്തേക്ക് ഇറങ്ങിയതെന്ന് ബന്ധുക്കള്‍ പറയുന്നു. പിന്നീട് കാണാതാകുകയായിരുന്നു.

വിഷ്ണു ലോണ്‍ ആപ്പിലൂടെ 10,000 രൂപ വായ്പ എടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് നിരന്തരം ഭീഷണികള്‍ വന്നിരുന്നതായി ബന്ധുക്കള്‍ വടകര പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. കൂടാതെ മോര്‍ഫ് ചെയ്ത ഫോട്ടോ അയച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. 14-ാം തീയതിയാണ് ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. യുവാവിന്റെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണ്. ഇന്നലെ ബന്ധുക്കള്‍ ചേര്‍ന്ന് റൂറല്‍ ജില്ലാ സൈബര്‍ സെല്ലിലും പരാതി നല്‍കിയിട്ടുണ്ട്.