ഇടുക്കിയിലെ വണ്ടിപ്പെരിയാർ സത്രം എയർ സ്ട്രിപ്പിന്‍റെ പണികൾ വീണ്ടും ആരംഭിക്കുന്നു. വനം വകുപ്പിന്‍റെ എതിർപ്പ് മൂലം മുടങ്ങിക്കിടന്നിരുന്ന പണികൾ ആരംഭിക്കാനുള്ള നടപടികൾ തുടങ്ങി. എൻസിസി കേഡറ്റുകൾക്ക് പരിശീലനം നൽകാനാണ് എയർ സ്ട്രിപ്പ് നിർമ്മിച്ചത്.

ഇടുക്കി: ഇടുക്കിയിലെ വണ്ടിപ്പെരിയാർ സത്രം എയർ സ്ട്രിപ്പിന് വീണ്ടും ചിറക് മുളയ്ക്കുന്നു. വനം വകുപ്പിന്‍റെ എതിർപ്പ് മൂലം രണ്ടു വർഷത്തിലധികമായി മുടങ്ങിക്കിടന്നിരുന്ന പണികൾ ആരംഭിക്കാനുള്ള നടപടികൾ തുടങ്ങി. ഇതിന്‍റെ ഭാഗമായി എൻസിസി അഡീഷണൽ ഡയറക്ടർ ജനറൽ രമേഷ് ഷൺമുഖത്തിൻറെ നേതൃത്വത്തിൽ എയർ സ്ട്രിപ്പിൽ പരിശോധനകൾ നടത്തി. എൻസിസിയുടെ എയർ വിംഗ് കേഡറ്റുകൾക്ക് വിമാനം പറത്താൻ പരിശീലനം നൽകാനാണ് ഇടുക്കിയിലെ സത്രത്തിൽ എയർ സ്ട്രിപ്പ് നിർമ്മിച്ചത്. 800 മീറ്റർ റൺവേയും വിമാനങ്ങൾ പാർക്ക് ചെയ്യാനുള്ള ഹാങ്ങറും വാച്ച് ടവറുമൊക്കെ പൂർത്തിയായി. വ്യോമസേനയുടെ ചെറു വിമാനവും ഹെലികോപ്റ്ററും പരീക്ഷണ ലാൻഡിംഗും നടത്തി.

ഇതിനിടെ കനത്ത മഴയിൽ റൺവേയുടെ ഷോൾഡറിന്‍റെ ഒരു ഭാഗം ഇടി‍ഞ്ഞു പോയി. ഇവിടെ സംരക്ഷണ ഭിത്തി കെട്ടുന്നത് വനം വകുപ്പ് തടഞ്ഞു. എയർ സ്ട്രിപ്പിലേക്കുള്ള റോഡിൽ 400 മീറ്റർ ടാറിംഗ് നടത്താനും വനം വകുപ്പ് അനുവദിച്ചില്ല. എൻസിസിക്ക് കൈമാറിയ പന്ത്രണ്ട് ഏക്കർ സ്ഥലത്തിൽ ഒരു ഭാഗം റിസർവ് വനമായി വിജ്ഞാപനം ചെയ്തതാണെന്നാണ് വനം വകുപ്പിന്‍റെ വാദം. അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ലാത്തതിനാൽ ഈ ഭൂമി സർക്കാരിന്‍റെ വികസന പ്രവർത്തനങ്ങൾക്ക് തിരിച്ചെടുക്കാനാണ് തീരുമാനം. 

ഇതിനായി നിയമ വകുപ്പിൽ നിന്ന് അഡ്വക്കേറ്റ് ജനറലിൽ നിന്നും അനുകൂല തീരുമാനം ഉണ്ടായിട്ടുണ്ട്. വനം – റവന്യൂ – ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാർ യോഗം ചേർന്ന് തുടർ നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു. ഏപ്രിൽ മാസത്തിൽ എയ്റോ മോഡൽ ഉപയോഗിച്ച് സേഫ് ലാൻഡിംഗും ടേക്ക് ഓഫും കേഡറ്റുകളെ ഇവിടെ പരിശീലിപ്പിച്ചിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾക്കായി 24 കോടി രൂപ എൻസിസി സർക്കാരിന് കൈമാറിയിട്ടുണ്ട്. ഇതിൽ 14 കോടിയാണ് ഇതുവരെ ചെലവായത്. ഇടിഞ്ഞു പോയ സംരക്ഷണ ഭിത്തി നിർമ്മിക്കാൻ മണ്ണു പരിശോധനക്ക് പൊതുമരാമത്ത് വകുപ്പ് ടെൻഡർ നൽകി. ആറരക്കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.