Asianet News MalayalamAsianet News Malayalam

മകളെ മാപ്പ്', വണ്ടിപ്പെരിയാറിലെ ആറു വയസുകാരിക്ക് നീതി തേടി 'ജനകീയ കൂട്ടായ്മ' പ്രഖ്യാപിച്ച് കോൺഗ്രസ്

വി പി സജീന്ദ്രന്‍, മാത്യു കുഴല്‍നാടന്‍ എന്നിവരെ ഈ പരിപാടിയുടെ കോര്‍ഡിനേറ്റര്‍മാരായി ചുമതലപ്പെടുത്തി

Vandiperiyar rape and murder case Congress protest announced in January asd
Author
First Published Dec 27, 2023, 12:23 AM IST

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് ശിക്ഷ ഉറപ്പാക്കാനും പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കുവാനുമായി കോൺഗ്രസ് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്നു. കെ പി സി സിയുടെ നേതൃത്വത്തില്‍ വണ്ടിപ്പെരിയാറില്‍ 'മകളെ മാപ്പ്' എന്ന പേരില്‍ ജനകീയ കൂട്ടായ്മ ജനുവരിയില്‍ സംഘടിപ്പിക്കുമെന്നാണ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ വ്യക്തമാക്കിയത്.

ചാലക്കുടിയിൽ പൊലീസ് ജീപ് തകർത്ത് ഡിവൈഎഫ്ഐ നേതാവിനെ മോചിപ്പിച്ച സിപിഎം ഏരിയ സെക്രട്ടറിയെ ചോദ്യം ചെയ്യുന്നു

കെ പി സി സി അറിയിപ്പ് ഇപ്രകാരം

വണ്ടിപ്പെരിയാറില്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ആറു വയസ്സുകാരിയുടെ കൊലപാതകിക്ക് ശിക്ഷ ഉറപ്പാക്കി പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതിലഭിക്കുവാനും കേസ് അട്ടിമറിച്ച് പ്രതിയെ രക്ഷപ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്കെതിരെയും അന്വേഷണത്തിലേയും വിചാരണയിലേയും പിഴവുകള്‍ തിരുത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുമാണ് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. ഇതിനായി കെ പി സി സി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രന്‍, ഡീന്‍ കുര്യാക്കോസ് എം പി, ഡി സി സി പ്രസിഡന്റ് സി പി മാത്യു, രാഷ്ട്രീയകാര്യ സമിതി അംഗം എം ലിജു. മാത്യു കുഴല്‍നാടന്‍ എം എല്‍ എ, എസ് അശോകന്‍, ജോസി സെബാസ്റ്റ്യന്‍ എന്നിവരടങ്ങുന്ന ഏഴംഗ സംഘാടക സമിതിക്ക് കെ പി സി സി രൂപം നല്‍കിയിട്ടുണ്ട്. വി പി സജീന്ദ്രന്‍, മാത്യു കുഴല്‍നാടന്‍ എന്നിവരെ ഈ പരിപാടിയുടെ കോര്‍ഡിനേറ്റര്‍മാരായി ചുമതലപ്പെടുത്തിയെന്നും ടി യു രാധാകൃഷ്ണന്‍ അറിയിച്ചു.

ആറ് വയസ്സുകാരി ബാലികയെ പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കിയ സംഭവം കേരള മനഃസാക്ഷിയെ ഞെട്ടിച്ചതാണ്. എന്നിട്ടും പ്രതിയുടെ രാഷ്ട്രീയം കണക്കിലെടുത്ത് തെളിവുകള്‍ ഇല്ലാതാക്കി നിയമത്തിന് മുന്നില്‍ നിന്ന് രക്ഷപ്പെടാന്‍ സര്‍വ്വ സര്‍ക്കാര്‍ സംവിധാനങ്ങളും ദുരുപയോഗപ്പെടുത്തി. കൊലപാതകവും പീഡനവും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടും കുറ്റം തെളിയിക്കാന്‍ പോലീസും പ്രോസിക്യൂഷനും ശ്രമിച്ചില്ല. ഇരുവരും ഒത്തുകളിച്ച് ഡി വൈ എഫ് ഐക്കാരനായ പ്രതിയ്ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കി. ഇത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. വാളയാറിലെ സഹോദരിമാരായ പെണ്‍കുട്ടികളുടെ കാര്യത്തിലും സമാനമായ അലംഭാവവും വീഴ്ചയും പ്രകടമായിരുന്നു. ഇരയോടൊപ്പം നില്‍ക്കേണ്ട സര്‍ക്കാര്‍, വേട്ടക്കാര്‍ക്കൊപ്പം ചേരുന്ന മൃഗീയ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം അനിവാര്യമാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios