നീലേശ്വരം കക്കാട്ട് മഠത്തില്‍കോവിലകത്താണ് ഈ തെയ്യം കെട്ടി ആടാറ്. പേര് ഉമ്മച്ചി തെയ്യം. നെല്ല് കുത്തലും മാപ്പിളപ്പാട്ട് പാടലും പറച്ചിലുമെല്ലാമായി ഉമ്മച്ചി തെയ്യം സജീവമാണ്. അധികമൊന്നും കണ്ടുവരാത്ത തെയ്യക്കോലം. ജാതിയുടേയും മതത്തിന്‍റേയും അതിര്‍ വരമ്പുകളില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നു ഈ തെയ്യക്കോലം

തട്ടമിട്ട് മാപ്പിളപ്പാട്ട് പാടുന്ന തെയ്യമുണ്ട് കാസര്‍കോട്ട്. നീലേശ്വരം കക്കാട്ട് മഠത്തില്‍കോവിലകത്താണ് ഈ തെയ്യം കെട്ടി ആടാറ്. പേര് ഉമ്മച്ചി തെയ്യം. നെല്ല് കുത്തലും മാപ്പിളപ്പാട്ട് പാടലും പറച്ചിലുമെല്ലാമായി ഉമ്മച്ചി തെയ്യം സജീവമാണ്. അധികമൊന്നും കണ്ടുവരാത്ത തെയ്യക്കോലം. ജാതിയുടേയും മതത്തിന്‍റേയും അതിര്‍ വരമ്പുകളില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നു ഈ തെയ്യക്കോലം.

യോഗ്യാര്‍ അകമ്പടിത്തെയ്യമാണ് ആട്ടത്തിനൊടുവില്‍ ഉമ്മച്ചി തെയ്യമായി മാറുന്നത്. ദേഹത്ത് അരിച്ചാന്ത് പൂശി, പൂക്കട്ടി മുടിയും പൂണൂലും അരച്ചമയവുമായാണ് യോഗ്യാര്‍ അകമ്പടി തെയ്യമെത്തുക. പിന്നീട്ട് ആട്ടം. ഒടുവില്‍ തട്ടിമിട്ട് മുഖം പാതി മറച്ച് ഉമ്മച്ചി തെയ്യമാകും. ഈ തെയ്യത്തിന് ഭക്തന്മാര്‍ പ്രാര്‍ത്ഥനയായി സമര്‍പ്പിക്കുന്നത് കോടിമുണ്ടാണ്. തട്ടമായിട്ടാണ് ഈ കോടിമുണ്ട് സമര്‍പ്പണം.

നെല്ല് കുത്തുന്നതിനിടെ മരണം

പഴയ കാലത്ത് കോവിലകത്ത് നെല്ല് കുത്താന്‍ വേണ്ടി ഒരു മുസ്ലീം സ്ത്രീ ഉണ്ടായിരുന്നു. നെല്ല് കുത്തുന്നതിനിടെ അരിയായോ എന്ന് ഇവര്‍ പരിശോധിക്കുന്നത് കാര്യസ്ഥന്‍ കാണുന്നു. എന്നാല്‍, അയാള്‍ ധരിച്ചത് ആ സ്ത്രീ അരി കഴിക്കുകയാണെന്നാണ്. ഉച്ഛിഷ്ടമാക്കി എന്ന് കരുതി കാര്യസ്ഥന്‍ ഉമ്മച്ചിയെ അടിക്കുന്നു. ആ അടിയില്‍ അവര് മരിച്ചു പോയി.

പിന്നീട് ഈ ഉമ്മച്ചി നിരപരാധിത്വം തെളിയിക്കാന‍് വേണ്ടി തെയ്യക്കോലമായി മാറി എന്നാണ് ഐതീഹ്യം. നടുവിന് അടികൊണ്ടാണ് ഉമ്മച്ചി മരിച്ചതത്രേ. അതുകൊണ്ട് തന്നെ പലപ്പോഴും കസേരയില്‍ ഇരുന്നാണ് ഉമ്മച്ചി തെയ്യത്തിന്‍റെ പാട്ടും പറച്ചിലും നെല്ല് കുത്തലും. നടുവിന് വേദനയാണെന്ന് ഇടയ്ക്ക് വിളിച്ച് പറയുകയും ചെയ്യും. അള്ളാ.. അള്ളാ.. അള്ളാ.. എന്നുള്ള വായ്ത്താരിയും മുഴക്കും.

പൊലീസ് തെയ്യം

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ കാക്കി പാന്‍റ്സും ഷര്‍ട്ടും ബെല്‍റ്റും തൊപ്പിയും അണിഞ്ഞ് പൊലീസ് വേഷത്തിലാണ് തെയ്യമെത്തുന്നത്. പടന്നക്കാട് പാനൂര്‍ തറവാട്ടിലാണ് തെയ്യാട്ടത്തിന്‍റെ അപൂര്‍വ്വ കാഴ്ചയൊരുക്കുന്ന പൊലീസ് തെയ്യം കെട്ടിയാടാറ്.

മുഖത്ത് എഴുത്തുള്ളത് കൊണ്ട് മാത്രമാണ് തെയ്യക്കോലമാണെന്ന് മനസിലാവുക. ഒരു സിവില്‍ പൊലീസ് ഓഫീസറുടെ ജോലിയെല്ലാം ഈ തെയ്യം ചെയ്യും. ആളുകളുടെ തിരക്ക് നിയന്ത്രിക്കും, വിസില്‍ മുഴക്കി മുന്നിറയിപ്പ് നല്‍കും, നിയമ ലംഘകര്‍ക്ക് തമാശ രൂപത്തിലെങ്കിലും പിഴയിടും.

കരിഞ്ചാമുണ്ടിയുടെ അംഗരക്ഷകന്‍

പ്രധാന തെയ്യക്കോലമായ കരിഞ്ചാമുണ്ടിയോടൊപ്പമാണ് പൊലീസ് തെയ്യം ഇറങ്ങുന്നത്. കരിഞ്ചാമുണ്ടിയുടെ അംഗ രക്ഷകനെന്നാണ് ഐതീഹ്യം. ക്ഷേത്ര സ്ഥാനീയരില്‍ നിന്ന് അരിയും കുറിയും സ്വീകരിച്ച് ക്ഷേത്ര പ്രദക്ഷിണം നടത്തിയാണ് യൂണിഫോമില്‍ തെയ്യം അരങ്ങിലെത്തുക. മരത്തില്‍ തീര്‍ത്ത തോക്കാണ് തിരുവായുധമായി കൈയിലേന്തുന്നത്. വെള്ളി തലപ്പാളി അണിയുന്നത് തൊപ്പിക്ക് മുകളിലാണ്.

ഐതീഹ്യം ഇങ്ങനെ

പണ്ട് തറവാട്ടിലെ കാരണവര്‍ എടച്ചേരി ആലില്‍ കരിഞ്ചാമുണ്ടിയുടെ കളിയാട്ടം കാണാനെത്തി. തന്‍റെ തറവാട്ടിലും കെട്ടിയാടണമെന്ന് കരിഞ്ചാമുണ്ടിയോട് കാരണവര്‍ അപേക്ഷിച്ചു.

കാരണവരുടെ അപേക്ഷ സ്വീകരിച്ച ദേവി കാരണവരോടൊത്ത് തറവാട്ടിലേക്ക് യാത്രയായി. എന്നാല്‍ യാത്രക്കിടിയില്‍ കോല സ്വരൂപത്തെ നായന്മാരും അള്ളടം സ്വരൂപത്തെ നായന്മാരും തമ്മില്‍ യുദ്ധം നടക്കുന്നത് കാരണാനായി. ഇതിനിടിയില്‍ വെട്ടേറ്റ് നിലത്ത് വീണ ഒരു പൊലീസുകാരനെ മടിയില്‍ കിടത്തി കാരണവര്‍ വെള്ളം നല്‍കി. എന്നാല്‍ പൊലീസുകാരന്‍ മരിച്ചു.

തറവാട്ടില്‍ തിരിച്ചെത്തിയ കാരണവര്‍ക്ക് കരിഞ്ചാമുണ്ടിയുടേയും പൊലീസ് തെയ്യത്തിന്‍റേയും സാന്നിധ്യം അനുഭവപ്പെട്ടുവത്രേ. അതിന് ശേഷമാണ് ഈ രണ്ട് തെയ്യങ്ങളും ഒരുമിച്ച് ഇവിടെ കെട്ടിയാടാന്‍ തുടങ്ങിയത്.