കൗൺസിലിങ്ങിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സൈക്കോളജിസ്റ്റിനെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം മയ്യനാട് സ്വദേശിയായ 69 കാരനായ സന്തോഷ് സുകുമാരനാണ് അറസ്റ്റിലായത്. കുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതായും വീട്ടുകാരുടെ പരാതിയിൽ പറയുന്നു.
കൊല്ലം: കൗൺസിലിങ്ങിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ സൈക്കോളജിസ്റ്റിന്റെ ലൈംഗിക ആക്രമണം. കൊല്ലം മയ്യനാട് സ്വദേശി 69 കാരനായ സന്തോഷ് സുകുമാരനാണ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. വീട്ടുകാരുടെ പരാതിയിൽ ഇയാളെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. ഏഴാം ക്ലാസ് മുതൽ കുട്ടി അമ്മയോടൊപ്പം സന്തോഷ് സുകുമാരന്റെ അടുത്ത് ആശുപത്രിയിൽ കൗൺസിലിങ്ങിന് എത്തിയിരുന്നു. അമ്മയെ പുറത്തു നിർത്തിയ ശേഷം കുട്ടിയെ മാത്രം മുറിക്കുള്ളിൽ പ്രവേശിപ്പിച്ച് കൗൺസിലിങ് എന്ന വ്യാജേനയായിരുന്നു പീഡനം. കുട്ടിയുടെ നഗ്ന ദൃശ്യങ്ങളും ഇയാൾ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു.

പത്താം ക്ലാസിൽ പഠിക്കുന്ന സമയത്താണ് കൗൺസിലിങ്ങിന് എത്തിയപ്പോൾ നഗ്നചിത്രങ്ങൾ പകർത്തിയത്. കുട്ടിയുടെ സ്വഭാവ രീതികളിലുണ്ടായ മാറ്റങ്ങളാണ് വീട്ടുകാരിൽ സംശയമുണർത്തിയത്. രക്ഷിതാക്കൾ കുട്ടിയുമായി മറ്റൊരു സൈക്കോളജിസ്റ്റിനെ സമീപിച്ചതോടെ ഞെട്ടിപ്പിക്കുന്ന പീഡന വിവരം പുറത്തുവന്നു. തുടർന്നാണ് രക്ഷിതാക്കൾ വർക്കല പൊലീസിൽ പരാതി നൽകിയത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പൊലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതി ഒളിവിൽ പോവുകയായിരുന്നു. പൊലീസ് നടത്തിയ തെരച്ചിലിനൊടുവിലാണ് ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തത്.


