ശിശുദിനാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നഴ്സറി, അങ്കണവാടി കുട്ടികൾക്കായി വർണ്ണോത്സവം സംഘടിപ്പിക്കുന്നു. ഒക്ടോബർ 31, നവംബർ 1 തീയതികളിലായി നടക്കുന്ന കലോത്സവത്തിൽ മൂവായിരത്തിലധികം കുട്ടികൾ പങ്കെടുക്കും. തത്സമയ രജിസ്ട്രേഷൻ വഴിയും കുട്ടികൾക്ക് വിവിധ മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്.
തിരുവനന്തപുരം: ഇത്തവണത്തെ ശിശുദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരം ജില്ലയിലെ നഴ്സറി / അങ്കണവാടി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന വർണ്ണോത്സവം - നഴ്സറി കലോത്സവം ഒക്ടോബർ 31, നവംബർ 1 ദിവസങ്ങളിലായി തിരുവനന്തപുരത്ത് ശിശുക്ഷേമ സമിതി ഹാൾ, ഗാന്ധിഭവൻ, ഗവ. സംഗീത കോളേജ് എന്നിവിടങ്ങളിലായി നടക്കുമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജിഎൽ അരുൺ ഗോപി വാര്‍ത്താ കുറിപ്പിൽ അറിയിച്ചു.
സർക്കാരിന്റെ വനിത-ശിശു വികസന വകുപ്പിന്റെ കീഴിൽ സംഘടിപ്പിക്കുന്ന ഏക നഴ്സറി കലോത്സവമാണിത്. ജില്ലയിലെ വിവിധ നഴ്സറി സ്കൂളുകൾക്കൊപ്പം, സർക്കാരിനു കീഴിലുള്ള അങ്കണവാടികളിൽ നിന്നുമുള്ള മൂവായിരത്തിൽ പരം കുരുന്നുകൾ തങ്ങളുടെ സർഗ്ഗവൈഭവങ്ങളാൽ വിവിധ വേദികൾ വർണ്ണാഭമാക്കും. ശനിയാഴ്ച രാവിലെ 9.30-ന് കലോത്സവം ശിശുക്ഷേമ സമിതി ഹാളിൽ ജുവനൈൽ ജസ്റ്റിസിന്റെ ചുമതല കൂടി വഹിക്കുന്ന ഇൻസ്പെക്ടർ ജനറൽ സബീന ബീഗം ഉദ്ഘാടനം നിർവഹിക്കും.
ശനിയാഴ്ച - കഥ പറയൽ (മലയാളം, ഇംഗ്ലീഷ്), അക്ഷരപ്പാട്ട്, മോണോ ആക്ട്, അഭിനയ ഗാനം (സിംഗിൾ, ഗ്രൂപ്പ്),ഞായറാഴ്ച - സിനിമാറ്റിക് ഡാൻസ് (സിംഗിൾ), സംഘനൃത്തം, താരാട്ട് പാട്ട്, നാടോടി നൃത്തം, സംഘഗാനം എന്നിവ വിവിധ വേദികളിലായി നടക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് പുറമെ ഓരോ മത്സരത്തിനും തൽസമയം രജിസ്റ്റർ ചെയ്തും മത്സരിക്കാവുന്നതാണെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.






