ടൂറിസം വ്യവസായം നടത്താന്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഭൂമാഫിയ കൈയടക്കി കാലങ്ങളോളം തരിശിട്ട ഭൂമിയില്‍ കൃഷി നടത്താനുളള അനുമതികള്‍ നേടിയെടുത്തത് പഞ്ചായത്ത് ഭരണസമിതിയുടെ ദീര്‍ഘകാലം നീണ്ട രാഷ്ട്രീയ നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ്

കോട്ടയം : ഇച്ഛാശക്തിയുളള പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് നാട്ടില്‍ കൊണ്ടുവരാന്‍ കഴിയുന്ന മാറ്റങ്ങള്‍ എത്ര വലുതെന്ന് തെളിയിക്കുകയാണ് കോട്ടയം ജില്ലയിലെ വെച്ചൂര്‍ പഞ്ചായത്ത്. ഭൂമാഫിയ, ഉദ്യോഗസ്ഥ സഹായത്തോടെ കൈക്കലാക്കിയ ഇരുപത്തിയഞ്ച് ഏക്കര്‍ പാടശേഖരത്തില്‍ 26 വര്‍ഷത്തിനു ശേഷം കൃഷിയിറക്കിയാണ് വെച്ചൂര്‍ പഞ്ചായത്ത് പുതിയ കാര്‍ഷിക പരിസ്ഥിതി സംരക്ഷണ മാതൃക തീര്‍ത്തത്.

ഒരു പാടശേഖരത്തിലെ വിത്തിറക്കലിന് ഒരു നാടൊന്നാകെ ഒന്നിച്ചു വെച്ചൂരില്‍. കഴിഞ്ഞ കാല്‍നൂറ്റാണ്ടു കാലം കാടുകയറി കിടന്ന ഭൂമിയിലാണ് പ്രതീക്ഷയുടെ വിത്തെറിഞ്ഞത്. കൃഷി നടത്താതെ കാടു കയറി രണ്ടര പതിറ്റാണ്ടുകാലം കിടന്ന ഭൂമി വെട്ടിതെളിച്ച് പഞ്ചായത്താണ് കൃഷിയോഗ്യമാക്കിയത്. ടൂറിസം വ്യവസായം നടത്താന്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഭൂമാഫിയ കൈയടക്കിയ ശേഷം കാലങ്ങളോളം തരിശിട്ട ഭൂമിയില്‍ കൃഷി നടത്താനുളള അനുമതികള്‍ നേടിയെടുത്തത് പഞ്ചായത്ത് ഭരണസമിതിയുടെ ദീര്‍ഘകാലം നീണ്ട രാഷ്ട്രീയ നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ്.

ഭൂമാഫിയയ്ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന ഉറപ്പാണ് വിത്തിറക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ കൃഷി മന്ത്രി നാട്ടുകാര്‍ക്ക് നല്‍കിയത്.നാട്ടിലെ പുരുഷ സ്വയം സഹായ സംഘത്തെയാണ് കട്ടപ്പുറം മൂര്യങ്കേരി പാടശേഖരത്തിലെ കൃഷി നടത്താന്‍ പഞ്ചായത്ത് ചുമതലപ്പെടുത്തിയിരിക്കുന്നത്. വരും വര്‍ഷങ്ങളിലും കൃഷി തുടരാനാണ് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം.