ആറംഗ കുടുംബം യാത്ര ചെയ്യുകയായിരുന്ന വാഹനം ദേശീയ പാതയില്‍ വച്ച് കത്തിയമര്‍ന്നു. ദേശീയ പാത 66ല്‍ രാമനാട്ടുകര കാക്കഞ്ചേരിയില്‍ വച്ചാണ് അപകടമുണ്ടായത്.

കോഴിക്കോട്: ആറംഗ കുടുംബം യാത്ര ചെയ്യുകയായിരുന്ന വാഹനം ദേശീയ പാതയില്‍ വച്ച് കത്തിയമര്‍ന്നു. ദേശീയ പാത 66ല്‍ രാമനാട്ടുകര കാക്കഞ്ചേരിയില്‍ വച്ചാണ് അപകടമുണ്ടായത്. ടാറ്റ ഏസ് വാഹനമാണ് കത്തി നശിച്ചത്. ഫറോക്കില്‍ നിന്ന് വേങ്ങരയിലേക്ക് യാത്ര തിരിച്ച കുടുംബമാണ് അപകടത്തില്‍പ്പെട്ടത്.

ഓടിക്കൊണ്ടിരിക്കേ വാഹനത്തില്‍ നിന്ന് കൂടുതല്‍ പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ റോഡിന് സമീപത്തായി ഒതുക്കി നിര്‍ത്തി. വാഹനം ഓടിച്ചിരുന്ന ഫറോക്ക് ചുങ്കം സ്വദേശി കെ മുഹമ്മദും മറ്റുള്ളവരും പുറത്തിറങ്ങിയ ഉടനെ തീ ആളിപ്പടര്‍ന്നു. മീഞ്ചന്തയില്‍ നിന്നും അഗ്നിരക്ഷാ ഉദ്യോഗസ്ഥര്‍ എത്തിയാണ് തീ അണച്ചത്.