കായലിൽ കക്കൂസ് മാലിന്യം തള്ളാൻ വന്ന വാഹനം സർക്കാരിലേക്ക് കണ്ടുക്കെട്ടും; ഉത്തരവിറങ്ങി
പാർക്ക് ചെയ്തിരുന്ന വാഹനം കായലിൽ കക്കൂസ് മാലിന്യം തള്ളുന്നതിനാണെന്ന് സാഹചര്യ തെളിവിന്റെ അടിസ്ഥാനത്തിൽ ബോധ്യപ്പെട്ടതിനെ തുടർന്നാണ് ഉത്തരവിറക്കിയത്. ഈ വാഹനത്തിന് ഇത്തരം പ്രവൃത്തികൾ ചെയ്യുന്നതിന് നേരത്തേ നോട്ടീസും നൽകിയിരുന്നു
ഹരിപ്പാട്: കായലിൽ കക്കൂസ് മാലിന്യം തള്ളാൻ വന്ന വാഹനം സർക്കാരിലേക്ക് കണ്ടു കെട്ടാൻ ഉത്തരവ്. കായംകുളം കണ്ണമ്പളളി ഭാഗം വാലയിൽ കിഴക്കതിൽ അനിൽകുമാറിന്റെ ഉടമസ്ഥതയിലുളള ടാങ്കർ ലോറിയാണ് സർക്കാരിലേക്ക് കണ്ടുകെട്ടാൻ ചെങ്ങന്നൂർ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ജി. നിർമൽകുമാർ ഉത്തരവിട്ടത്. പാർക്ക് ചെയ്തിരുന്ന വാഹനം കായലിൽ കക്കൂസ് മാലിന്യം തള്ളുന്നതിനാണെന്ന് സാഹചര്യ തെളിവിന്റെ അടിസ്ഥാനത്തിൽ ബോധ്യപ്പെട്ടതിനെ തുടർന്നാണ് ഉത്തരവിറക്കിയത്. ഈ വാഹനത്തിന് ഇത്തരം പ്രവൃത്തികൾ ചെയ്യുന്നതിന് നേരത്തേ നോട്ടീസും നൽകിയിരുന്നു.
വാഹനം ലേലം ചെയ്ത് സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതിന് ആറാട്ടുപുഴ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി 22-ന് ആറാട്ടുപുഴ കിഴക്കേക്കര കൊച്ചിയുടെ ജെട്ടിക്കു വടക്ക് കായലോരത്തെ പുരയിടത്തിൽ വെച്ചാണ് മാലിന്യം നിറച്ച ടാങ്കർ ലോറി നാട്ടുകാർ തടഞ്ഞു പൊലീസിന് കൈമാറിയത്. കണ്ടല്ലൂർ സ്വദേശി വൈശാഖ് എന്നയാളാണ് വാഹനം കൊണ്ടുവന്നത്. ആറാട്ടുപുഴ പഞ്ചായത്തും വാഹനത്തിന് 5,000-രൂപ പിഴ ചുമത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം.