കുമളി, കമ്പംമെട്ട്, ബോഡിമെട്ട് എന്നീ ചെക്കു പോസ്ററുകൾ കടന്നാണ് ഇടുക്കയിലെ തോട്ടങ്ങളിലേക്ക് ഈ വാഹനങ്ങൾ പോകുന്നത്. അനുവദനീയമായതിന്റെ ഇരട്ടിയിലധികം ആളുകളെ കുത്തി നിറച്ചാണ് ഇവ സർവീസ് നടത്തുന്നത്

കട്ടപ്പന: തമിഴ്നാട്ടിൽ നിന്ന് തോട്ടം തൊഴിലാളികളുമായി അതിർത്തി കടന്ന് എത്തുന്ന വാഹനങ്ങൾ അപകടങ്ങളിൽപ്പെടുന്നത് പതിവായതോടെ കുമളി പൊലീസ് പരിശോധന നടത്തി. പരിശോധനയിൽ മതിയായ രേഖകൾ ഇല്ലാത്ത 13 വാഹങ്ങൾക്കെതിരെ പോലീസ് കേസെടുത്തു. ദിവസേന 300 ലധികം വാഹനങ്ങളാണ് തമിഴ്നാട്ടിൽ നിന്ന് തൊഴിലാളികളെയുമായി കേരളത്തിലേക്കെത്തുന്നത്.

കുമളി, കമ്പംമെട്ട്, ബോഡിമെട്ട് എന്നീ ചെക്കു പോസ്ററുകൾ കടന്നാണ് ഇടുക്കയിലെ തോട്ടങ്ങളിലേക്ക് ഈ വാഹനങ്ങൾ പോകുന്നത്. അനുവദനീയമായതിന്റെ ഇരട്ടിയിലധികം ആളുകളെ കുത്തി നിറച്ചാണ് ഇവ സർവീസ് നടത്തുന്നത്. കൃത്യ സമയത്ത് തൊഴിലാളികളെ എത്തിക്കുന്നതിനും തിരികെ കൊണ്ട് പോകുന്നതിനുമായി അമിത വേഗത്തിലാണ് വാഹനങ്ങൾ ഓടിക്കുന്നത്. ഇതോടെ അപകടങ്ങളും പതിവായി.

കഴിഞ്ഞ ഒരു മാസത്തിനിടെ അഞ്ച് അപകടങ്ങളാണ് ഇത്തരം വഹനങ്ങളുണ്ടാക്കിയത്. ബുധനാഴ്ചയും ഒരു വാഹനം അപകടത്തിൽ പെട്ടിരുന്നു. സ്‌കൂൾ സമയത്ത്‌ പോലും അമിത വേഗതയിലാണ് ഈ വാഹനങ്ങൾ ഓടിക്കുന്നത്. വാഹനങ്ങൾക്ക് മതിയായ രേഖകളില്ലെന്ന് മനസ്സിലായതോടെയാണ് പൊലീസ് പരിശോധന നടത്തിയത്. കുമളി ചെക്ക് പോസ്റ്റിൽ നടത്തിയ മതിയായ രേഖകളില്ലാത്ത എട്ട് വാഹങ്ങൾക്ക് പിഴ ചുമത്തുകയും അമിതമായി യാത്രക്കാരെ കയറ്റിയ അഞ്ച് വാഹനങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

പരിശോധന തുടങ്ങിയതോടെ അളുകളെ കുത്തിനിറച്ചെത്തിയ ജീപ്പുകൾ കേരള ചെക്ക് പോസ്റ്റിന് മുൻപ് യാത്രക്കാരെ ഇറക്കിവിട്ട് ചെക്ക് പോസ്റ്റ് കടന്ന ശേഷം വീണ്ടും അതേ വാഹനത്തിൽ കയറ്റി യാത്ര തുടരുകയായിരുന്നു. നിയമം ലംഘിച്ച് സർവീസ് നടത്തുന്ന നിരവധി സ്വകാര്യ വാഹനങ്ങളും ഇക്കൂട്ടത്തിലുണ്ട്. പൊലീസിനൊപ്പം മോട്ടോർ വാഹന വകുപ്പും പരിശോധന കർശനമാക്കിയാൽ അപകടങ്ങൾ കുറയ്ക്കാൻ കഴിയുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. 

പൊന്ന് തക്കാളി..! ക‍ർഷകന് ലഭിച്ച വില കേട്ട് ഞെട്ടി നാ‌ട്, തക്കാളിക്ക് ലഭിച്ചത് ഒന്നും രണ്ടുമല്ല ലക്ഷങ്ങൾ