അജികുമാർ പഠിച്ച സ്കൂളിലെ 1990 ബാച്ച് പൂർവ്വ വിദ്യാർഥികളുടെയും സഹപ്രവർത്തകരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ശ്രമ ഫലത്തിനൊടുവിൽ അജികുമാറിന്റെ സ്മരണക്കായി റോഡിന് അദ്ദേഹത്തിന്റെ പേര് നൽകാൻ തീരുമാനം കൈക്കൊള്ളുകയായിരുന്നു.
തിരുവനന്തപുരം: കാർഗിലിൽ വീരമൃത്യു വരിച്ച ലാൻസ് നായിക് അജികുമാറിന്റെ സ്മരണാർഥം വീട്ടിലേക്കുള്ള റോഡിന് അദ്ദേഹത്തിന്റെ പേര് നല്‍കി വെള്ളനാട് പഞ്ചായത്ത്. അജികുമാറിന്റെ ഇരുപത്തിനാലാം ചരമ വാർഷിക ദിനത്തിലാണ് അദ്ദേഹത്തിന്റെ വീട്ടിലേക്കുള്ള കമ്പനിമുക്ക് - കാരിക്കോണം റോഡിന് ലാൻസ് നായിക് അജികുമാർ റോഡ് എന്ന് നാമകരണം ചെയ്തത്.
അജികുമാർ വീരമൃത്യു വരിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും അദ്ദേഹത്തിനായി ഒരു സ്മാരകം എന്ന ആവശ്യം നടപ്പാകാതെ വന്നതോടെ അജികുമാറിന്റെ സുഹൃത്തുക്കളായ അബ്ദുൽ വാഹീദ്, സത്യദാസ് പൊന്നെടുത്തകുഴി എന്നിവർ അന്നത്തെ എം.എൽ.എ ആയിരുന്ന പാലോട് രവിയുടെ ശ്രദ്ധയിൽപ്പെടുത്തി. അജികുമാർ പഠിച്ച സ്കൂളിലെ 1990 ബാച്ച് പൂർവ്വ വിദ്യാർഥികളുടെയും സഹപ്രവർത്തകരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ശ്രമ ഫലത്തിനൊടുവിൽ അജികുമാറിന്റെ സ്മരണക്കായി റോഡിന് അദ്ദേഹത്തിന്റെ പേര് നൽകാൻ തീരുമാനം കൈക്കൊള്ളുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ റോഡിന് വശത്തായി അജികുമാറിന്റെ ചിത്രം ആലേഖനം ചെയ്ത ബോർഡ് സ്ഥാപിച്ച് ഇതിൽ വെള്ളനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എസ് രാജലക്ഷ്മി പുഷ്പ ഹാരം ചാർത്തി റോഡിന് നാമകരണം നടത്തി നാടിന് സമർപ്പിച്ചു. വൈസ് പ്രസിഡന്റ് വെള്ളനാട് ശ്രീകണ്ഠൻ, വാർഡ് കമ്മറ്റി അംഗങ്ങൾ, അജികുമാറിന്റെ ബന്ധുക്കൾ, സുഹൃത്തുക്കൾ, നാട്ടുകാർ എന്നിവർ സാക്ഷികളായി. ചടങ്ങിനെ തുടർന്ന് അജികുമാറിന്റെ വീടിന് സമീപം അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്ത് പുഷ്പാർച്ചന നടത്തി.
പഞ്ചായത്ത് അംഗങ്ങളായ ബിന്ദു ലേഖ,വി എസ് ശോഭൻ കുമാർ,കൃഷ്ണകുമാർ,ആശാമോൾ അജികുമാറിന്റെ അമ്മ ശാന്തകുമാരി, എക്സ് സർവിസ് ലീഗ് ജില്ലാ സെക്രട്ടറി ഭുവന ചന്ദ്രൻ നായർ, വെള്ളനാട് ബ്രാഞ്ച് സെക്രട്ടറി ഗോപി, ബ്രാഞ്ച് ഓർഗനൈസിങ് സെക്രട്ടറി അശോക് കുമാർ, എക്സ് സർവിസ് റീക്രിയേഷൻ ക്ലബ് പ്രസിഡന്റ് കെ ജി രവീന്ദ്രൻ, ജോയിൻ സെക്രട്ടറി രവീന്ദ്രൻ നായർ, അജികുമാറിന്റെ സുഹൃത്തുക്കളായ 1989-90 എസ്എസ്എല്‍സി ബാച്ച് വാട്ട്‌സ് ആപ്പ് കൂട്ടായ്മയിലെ അംഗങ്ങൾ, മറ്റു ബന്ധു മിത്രാദികൾ, നാട്ടുകാർ എന്നിവരും പങ്കെടുത്തു.
അജികുമാറിനും അജികുമാറിന്റെ വീരമൃത്യുവിന് ശേഷം 2000 ഏപ്രിൽ 24 ന് വീരചരമമടഞ്ഞ വെള്ളനാട് പഞ്ചായത്തിലെ ഉറിയാക്കോട് സ്വദേശിയായ ജെ സൈമണും വേണ്ടി ഇനി വരും കാലങ്ങളിലും പുതിയ തലമുറയ്ക്ക് മുന്നിൽ രാജ്യത്തിനായുള്ള അവരുടെ ജീവത്യാഗം നിലനിർത്താനായി ഒരു സ്മാരകം നിർമിച്ചു നൽകണം എന്നുള്ള വിമുക്തഭടന്മാരുടെ ആവശ്യം അവരുടെ രക്തസാക്ഷിത്തത്തിന്റെ ഇരുപത്തിഞ്ചാം വാർഷികത്തിൽ എങ്കിലും നടപ്പിലാവും എന്ന ശുഭപ്രതീക്ഷയിലാണ് എല്ലാവരും.
