സമീപത്തെ ഹോട്ടലിലെ സിസിടിവി ദ്യശ്യങ്ങള്‍ പരിശോധിച്ചതില്‍ നായ രാവിലെ റോഡിലൂടെ ഓടിപ്പോകുന്ന യുവാവിന്റെ പിറകെ പോകുന്നതായി കണ്ടെത്തി.

ഇടുക്കി: മൂന്നാര്‍ വെറ്ററിനറി ഡോക്ടര്‍ ആര്‍എസ് രാമസ്വമായുടെ 14 മാസം പ്രായമുള്ള നായ്ക്കുട്ടിയെ കാണാതായിട്ട് ഏഴ് ദിവസം പിന്നിട്ടു. കമലെയെന്ന് വിളിപ്പേരുള്ള ലാബർ നായ്ക്കുട്ടി‌യെയാണ് കാണാതായത്. ഡോ. ആര്‍എസ് രാമസ്വാമിയുടെ പക്കലെത്തിയിട്ട് ഒരു വർഷം കഴിഞ്ഞു. ഒരു വയസ് പ്രായമുള്ളപ്പോഴാണ് കൂട്ടുകാരന്റെ പക്കല്‍ നിന്നും വളത്താന്‍ വാങ്ങിയത്. ഇക്കാലമത്രയും ഇവരെ പിരിഞ്ഞ് കമലെ എങ്ങോട്ടും പോയിട്ടില്ല. പുലര്‍ച്ചെ പ്രാഥമിക ക്യത്യം നിര്‍വഹിക്കാന്‍ അഴിച്ചുവിടുന്ന കമലെ 6.30ഓടെ വീട്ടില്‍ മടങ്ങിയെത്തും.

ജൂലൈ ഒന്നിന് ഇത്തരത്തില്‍ ആശുപത്രി പരിസരത്ത് അഴിച്ചുവിട്ട നായ്ക്കുട്ടി എന്നാല്‍ വീട്ടില്‍ മടങ്ങിയെത്തിയില്ല. തുടര്‍ന്ന് ഡോക്ടറും സംഘവും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. സമീപത്തെ ഹോട്ടലിലെ സിസിടിവി ദ്യശ്യങ്ങള്‍ പരിശോധിച്ചതില്‍ നായ രാവിലെ റോഡിലൂടെ ഓടിപ്പോകുന്ന യുവാവിന്റെ പിറകെ പോകുന്നതായി കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് മൂന്നാര്‍ പൊലീസില്‍ ഡോക്ടര്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. നായയെ കണ്ടെത്തുന്നവര്‍ പെട്ടെന്ന് വിവരമറിയിക്കണമെന്നാണ് ഇവരുടെ ആവശ്യം.