അമ്പലപ്പുഴ: പിന്നോക്ക വിഭാഗക്കാരനായ യുവാവിനെ മര്‍ദ്ദിക്കുകയും ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തയാള്‍ക്കെതിരെ ലോക്കല്‍ പൊലീസ് നടപടി കൈക്കൊള്ളാത്തതിനെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. പുറക്കാട് പഞ്ചായത്ത് ചിറയില്‍ വീട്ടില്‍ ഹരീഷ് കുമാറാണ് (43) പരാതി നല്‍കിയത്. കഴിഞ്ഞ 27-ന് വൈകീട്ട് പുറക്കാട് കാവില്‍ ക്ഷേത്രത്തിന് സമീപത്ത് നിന്ന ഹരീഷിനെ സമീപവാസിയായ വേലു (55) എന്നയാളാണ് അകാരണമായി മര്‍ദ്ദിച്ചത്. 

അടിയേറ്റ് നിലത്ത് വീണ ഹരീഷിനെ സംഭവം കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് വേലുവില്‍ നിന്ന് രക്ഷിച്ചത്. തുടര്‍ന്ന് സമീപത്ത് കിടന്ന ബിയര്‍ കുപ്പി പൊട്ടിച്ചെടുത്ത ഇയാള്‍ ഹരീഷിനെ കൊല്ലുമെന്നാക്രോശിച്ച് പിന്നാലെ ഓടി. ഇയാളില്‍ നിന്നും രക്ഷപ്പെട്ട ഹരീഷ് പിന്നീട് അമ്പലപ്പുഴ ഹെല്‍ത്ത് സെന്‍ററില്‍ ചികിത്സ തേടി. തുടര്‍ന്ന് ഹരീഷ് ഇത് സംമ്പന്ധിച്ച് പൊലീസില്‍ പരാതി നല്‍കി. ആശുപത്രിയില്‍ നിന്നിറങ്ങിയപ്പോഴും പിന്നീട് ഹരീഷിന്‍റെ വീട്ടിലെത്തിയും ഇയാള്‍ വധഭീഷണി മുഴക്കിയ വേലു ഹരീഷിന്‍റെ വൃദ്ധയായ അമ്മയെ തള്ളി നിലത്തിടുകയും ചെയ്തെന്നും പരാതിയുണ്ട്. 

സംഭവം അറിയിച്ചതിനെ തുടര്‍ന്ന് അമ്പലപ്പുഴ എസ് ഐയുടെ നേതൃത്വത്തിലെത്തിയ പൊലീസ് അക്രമിയെ കസ്റ്റഡിയിലെടുക്കാതെ വിട്ടയക്കുകയായിരുന്നുവെന്ന് ഇവര്‍ ആരോപിക്കുന്നു.  ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇയാളെ പിടികൂടാന്‍ ശ്രമിക്കാത്ത പൊലീസ്, ജാതി പറഞ്ഞ് ആക്ഷേപിച്ചുവെന്നും ഹരീഷിന്‍റെ മൊഴി രേഖപ്പെടുത്താന്‍ തയ്യാറായില്ലെന്നും പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞു.