സ്ലോവാക്യയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ വര്‍ഷങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പരപ്പനങ്ങാടി പൊലീസ് മാഹിയില്‍ നിന്ന് പിടികൂടി. 2022-ല്‍ പരപ്പനങ്ങാടി സ്വദേശിയില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പണം തട്ടിയ ഇമ്രാനാണ് അറസ്റ്റിലായത്.

മലപ്പുറം: വിസ തട്ടിപ്പ് കേസില്‍ മുങ്ങിയ പ്രതികളിലൊരാള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. കണ്ണൂര്‍ പിണറായി സ്വദേശി ഇമ്രാനെയാണ് (25) പരപ്പനങ്ങാടി പൊലീസ് മാഹിയില്‍ നിന്ന് പിടികൂടിയത്. സ്ലോവാക്യയില്‍ ജോലി തരാമെന്ന് വിശ്വസിപ്പിച്ച് പരപ്പനങ്ങാടി സ്വദേശി ഹര്‍ഷിദില്‍ നിന്ന് ഇരുപതിനായിരം രൂപയും രണ്ട് സുഹൃത്തുക്കളില്‍ നിന്ന് നാല്‍പതിനായിരം രൂപയുമാണ് തട്ടിയെടുത്തത്. 2022ലാണ് സംഭവം. വ്യാപകമായ അന്വേഷണത്തിനൊടുവില്‍ മാഹിയില്‍ ഹോട്ടല്‍ ബിസിനസ് നടത്തുന്നതായി പരപ്പനങ്ങാടി പൊലീസിന് വിവരം ലഭിച്ചു.

തുടര്‍ന്ന് അന്വേഷണ സംഘം സ്ഥലത്തെത്തി നടത്തിയ രഹസ്യ നീക്കത്തിലൂടെ ഇന്നലെ (ഒക്ടോബര്‍ 15) മാഹിയില്‍ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിസ തരപ്പെടുത്തി കൊടുക്കുകയോ തുക തിരികെ നല്‍കുകയോ ചെയ്യാതെ വഞ്ചിച്ചു എന്നതാണ് കേസ്. ബാങ്ക് ഇടപാടുകള്‍ സംബന്ധിച്ച് നടത്തിയ പരിശോധനയില്‍ നിന്ന് പ്രതി പണം കൈപ്പറ്റിയതായി തെളിയുകയായിരുന്നു. തുടര്‍ന്ന്, ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം പ്രതിയെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കുകയായിരുന്നു. പല സ്ഥലങ്ങളിലും വാടകയ്ക്കും മറ്റും മാറിമാറി താമസിച്ചു വരികയായിരുന്നു പ്രതി. പ്രതി കുറ്റം സമ്മതിക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. എസ്.എച്ച്.ഒ വിനോദ് വലിയാട്ടൂര്‍, എസ്.ഐ വി ജയന്‍, എസ്.സി.പി.ഒ സാന്‍ സോമന്‍ എന്നിവര്‍ നേതൃത്വം നല്‍കി.