എടപ്പാൾ: വാഹനമിടിച്ച് ചത്തുപോയത് തിരിച്ചറിയാതെ വെരുകിന്‍റെ മൃതദേഹത്തില്‍ നിന്ന് മുലപ്പാല്‍ നുകരാന്‍ ശ്രമിക്കുന്ന വെരുകിന്‍ കുഞ്ഞുങ്ങള്‍ നൊമ്പരക്കാഴ്ചയായി. നടുവട്ടം-നെല്ലിശ്ശേരി റോഡിൽ വാഹനമിടിച്ച് ചത്ത കാട്ടുവെരുകിന്റെ നാല് കുഞ്ഞുങ്ങളാണ് കാഴ്ചക്കാരിൽ നോവ് പടർത്തിയത്. കഴിഞ്ഞ ദിവസം രാത്രി കുഞ്ഞുങ്ങളുമായി ഇരതേടാനിറങ്ങിയ മെരുകാണ് അപകടത്തിൽപ്പെട്ടത്.

ചെമ്പേലവളപ്പിൽ റഫീഖിന്റെ വീട്ടുമുറ്റത്താണ് വെള്ളിയാഴ്ച രാവിലെ തലക്ക് ക്ഷതമേറ്റ് പ്രാണനറ്റ് വെരുകിനെ കാണ്ടത്. റോഡരികിലെ വെള്ളമൊഴുകിപ്പോകുന്ന കാനയിൽ നിന്ന് കരച്ചിൽ കേട്ടതിനെ തുടർന്ന് തിരച്ചിൽ നടത്തിയപ്പോൾ മഴയിൽ നനഞ്ഞ് അവശരായിക്കിടക്കുന്ന വെരുകിൻ കുഞ്ഞുങ്ങളേയും കാണുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ മൃഗസംരക്ഷകനായ ശ്രിജേഷ് പന്താവൂരിനെ ബന്ധപ്പെടുകയും അദ്ദേഹത്തിന്റെ നിർദേശപ്രകാരം അമ്മ വെരുകിനെ കുഞ്ഞുങ്ങൾ പതിഞ്ഞിരിക്കുന്ന കാനയുടെ സ്ലാബിന് സമീപത്തേക്ക് മാറ്റുകയുമായിരുന്നു.

മാതൃത്വം മണത്തറിഞ്ഞ കുഞ്ഞുങ്ങൾ അമ്മ മെരുകിന് അടുത്തേക്ക് ഓടിയെത്തി. ജീവൻ നഷ്ടപ്പെട്ടതറിയാതെയുള്ള അവയുടെ തൊട്ടുരുമ്മലും സ്‌നേഹപ്രകടനവും അമ്മിഞ്ഞ നുകരാനുള്ള വിശപ്പോടെയുള്ള ആർത്തിയും ഹൃദയഭേദകമായ കാഴ്ചയായി.സംരക്ഷണാർഥം പിടികൂടുന്നതിന് വേണ്ടി ശ്രീജേഷ് പന്താവൂരും സഹായിയും സ്ഥലത്തെത്തിയെങ്കിലും പുൽപ്പടർപ്പുകൾ മൂടിയ കാനയിൽ കുഞ്ഞുങ്ങൾ ഓടിയൊളിച്ചതോടെ ശ്രമം വിഫലമാവുകയായിരുന്നു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona