വിഴിഞ്ഞം തുറമുഖത്ത് മാരി ടൈം ബോർഡിന്റെ നേതൃത്വത്തിൽ ആദ്യത്തെ ഷിപ്പ് ടു ഷിപ്പ് ബങ്കറിംഗ് വിജയകരമായി പൂർത്തിയാക്കി. കസ്റ്റഡിയിലുള്ള എം. വി സോളിസ് എന്ന വിദേശ കപ്പലിൽ, കൊച്ചിയിൽ നിന്നെത്തിച്ച എം.ടി ജനീസസ് എന്ന കപ്പൽ ഉപയോഗിച്ച് 1,20,000 ലിറ്റർ ഇന്ധനം നിറച്ചു. ഇന്ധനം തീർന്ന് കപ്പലിന്റെ പ്രവർത്തനം നിലയ്ക്കുന്നത് ഒഴിവാക്കാനായിരുന്നു ഈ അടിയന്തര നടപടി.
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് മാരി ടൈം ബോർഡിന്റെ ആദ്യ ഷിപ്പ് ടു ഷിപ്പ് ബങ്കറിംഗ് വിജയകരം. വിഴിഞ്ഞത്ത് കസ്റ്റഡിയിലുള്ള വിദേശ കപ്പലിനായിരുന്നു ഇന്ധനം നിറച്ചത്. തിരുവനന്തപുരം കേന്ദ്രമായ ജിയോ മാക്സ് ഷിപ്പിംഗ് സർവീസസ് എന്ന കമ്പനിയാണ് ബങ്കറിംഗ് നടത്തിയത്. 1,20,000 ലിറ്റർ ഇന്ധനമാണ് ഇന്നലെ കൊച്ചിയിൽ നിന്നും എം.ടി ജനീസസ് എന്ന കപ്പൽ മുഖാന്തിരം വിഴിഞ്ഞത്ത് എത്തിച്ച് ഇവിടെ തുടരുന്ന കപ്പലിൽ നിറച്ചത്. കടലിൽ നങ്കൂരമിട്ട കപ്പലിന് സമീപം മറ്റൊരു കപ്പൽ എത്തി ഇന്ധനം നിറയ്ക്കുന്നത്(ബങ്കറിംഗ്) വിഴിഞ്ഞത്ത് ആദ്യമാണ്.
കൊച്ചിയിൽ നിന്നും രാവിലെ എത്തിയ എം.ടി. ജനീസസ് എന്ന കപ്പലിൽ നിന്നും 9 മണിയോടെയാണ് ഇന്ധനം നിറച്ച് തുടങ്ങിയത് ഏകദേശം മുക്കാൽ മണിക്കൂർ കൊണ്ട് ബങ്കിറിംഗ് വിജയകരമായി പൂർത്തിയാക്കിയതായി അധികൃതർ പറഞ്ഞു.12.45ഓടെ കപ്പൽ മടങ്ങി. ധ്വനി എന്ന ടഗിന്റെ അസി. മറൈൻ എഞ്ചിനീയർ ശ്രീകുമാർ സാങ്കേതിക നടപടികൾക്ക് നേതൃത്വം നൽകി. കപ്പലിടിച്ചു മീൻപിടിത്ത ബോട്ടു മുങ്ങിയ സംഭവത്തിൽ വിഴിഞ്ഞത്ത് തടഞ്ഞിട്ടിരിക്കുന്ന എം. വി സോളിസ് എന്ന കപ്പലിലാണ് ഇന്നലെ ബങ്കറിംഗ് നടത്തിയത്.
ഇന്ധനം പൂർണമായി തീർന്നാൽ എൻജിൻ പ്രവർത്തനം നിലച്ച് കപ്പൽ ഉപേക്ഷിക്കേണ്ട ഗുരുതര സ്ഥിതി ഉണ്ടാകുമെന്ന പ്രതിസന്ധി കണക്കിലെടുത്ത് കപ്പൽ ക്യാപ്റ്റന്റെ അടിയന്തര മെയിൽ സന്ദേശത്തെ തുടർന്ന് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗിൽ നിന്നുള്ള നിർദേശാനുസരണമായിരുന്നു ഇന്ധനം എത്തിച്ച് നൽകിയത്. തുടർന്നാണ് ബോട്ട് മുങ്ങിയ സംഭവത്തോടനുബന്ധിച്ച് മാർച്ച് 9ന് വിഴിഞ്ഞം കടലിൽ എത്തിച്ച കപ്പൽ തുറമുഖം വിടരുതെന്ന് കൊച്ചി മർക്കന്റെൽ മറൈൻ വകുപ്പിന്റെ ഉത്തരവുണ്ട്. അപകടത്തിൽ തമിഴ്നാട്, കൊൽക്കത്ത സ്വദേശികളായ 9 പേർ പരുക്കുകളോടെ രക്ഷപ്പെട്ടു. ക്യാപ്റ്റൻ ലെ വാൻ ട്യുവാൻ ഉൾപ്പെടെ വിയറ്റ്നാംകാരായ 20 ക്രൂവാണ് കപ്പലിലുള്ളത്. കഴിഞ്ഞ ദിവസങ്ങൾ പ്രാദേശികമായി ലഭ്യമാക്കിയ ഇന്ധനം രണ്ടുതവണ നിറച്ചിരുന്നു.





