വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഈ മാസം അവസാനത്തോടെ ആദ്യ കപ്പലെത്തുമ്പോൾ രാജ്യത്തിന്റെ വലിയൊരു സ്വപ്നം കൂടി സാക്ഷാത്കരിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു
കോഴിക്കോട്: ബേപ്പൂര്‍, വിഴിഞ്ഞം, കൊല്ലം, അഴീക്കല്‍ തുറമുഖങ്ങള്‍ക്ക് ഐ എസ് പി എസ് അംഗീകാരം ലഭിച്ചതിന്റെ സംസ്ഥാനതല പ്രഖ്യാപനം ബേപ്പൂര്‍ തുറമുഖ പരിസരത്ത് തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിർവഹിച്ചു. കേരളത്തിലെ ചെറുകിട തുറമുഖങ്ങളുടെ പശ്ചാത്തല വികസനം ഉറപ്പാക്കി വിദേശ കപ്പലുകൾ ഉൾപ്പെടെ സർവീസ് നടത്താൻ സാധ്യമാകും വിധം നവീകരിക്കുക എന്നത് സംസ്ഥാന സർക്കാരിന്‍റെ പ്രധാന ലക്ഷ്യമായിരുന്നു. അതിലേക്കുള്ള വലിയ കാൽവെപ്പാണ് ഐ എസ് പി എസ് അംഗീകാരത്തിലൂടെ യാഥാർത്ഥ്യമായതെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ജലഗതാഗതത്തിന്റെ സർവ്വ സാധ്യതകളെയും നാടിന്റെ വികസനത്തിന് പര്യാപ്തമാക്കും എന്നത് സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനമായിരുന്നു. ഇതിനായി ബഹുമുഖ വികസന പദ്ധതികളാണ് മറ്റു വകുപ്പുകളോടൊപ്പം കേരള മാരി ടൈം ബോർഡ് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഈ മാസം അവസാനത്തോടെ ആദ്യ കപ്പലെത്തുമ്പോൾ രാജ്യത്തിന്റെ വലിയൊരു സ്വപ്നം കൂടി സാക്ഷാത്കരിക്കപ്പെടുകയാണ്. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് സൃഷ്ടിക്കുന്ന വികസനക്കുതിപ്പിന്റെ അലയൊലികൾ കേരളത്തിന്റെ എല്ലാ മേഖലകളിലേക്കും എത്താനിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഐ എസ് പി എസ് സർട്ടിഫിക്കേഷന്‍ ലഭിക്കുന്നതോടുകൂടി സംസ്ഥാനത്തെ നാല് ചെറുകിട തുറമുഖങ്ങൾ അന്താരാഷ്ട്ര തുറമുഖങ്ങളുടെ ലിസ്റ്റിൽ ഇടം പിടിക്കുകയും ഭാവിയിൽ കൂടുതൽ ചരക്കുകയറ്റുമതി നടത്താൻ സാധിക്കുകയും ചെയ്യുമെന്നും അദ്ദേഹം വിശദീകരിച്ചു.
ഐ എസ് പി എസ് അംഗീകാരം ലഭിച്ചതോടെ സംസ്ഥാനത്തെ തുറമുഖങ്ങൾ കൂടുതൽ സജീവമാകാൻ പോകുകയാണെന്ന് ചടങ്ങിന് അധ്യക്ഷത വഹിച്ച പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ബേപ്പൂർ, വിഴിഞ്ഞം, അഴീക്കൽ, കൊല്ലം തുറമുഖങ്ങൾ സംസ്ഥാനത്ത് ചരക്ക് നീക്കത്തിന്റെ കേന്ദ്രമായി മാറുന്നതോടൊപ്പം ക്രൂയിസ് ടൂറിസത്തിന്റെ ഹബ്ബുകളായി മാറുമെന്നും മന്ത്രി പറഞ്ഞു. നാല് തുറമുഖങ്ങളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്നതോടെ സംസ്ഥാനത്തിലാകെ വികസനങ്ങൾക്ക് കാരണമാകും. വ്യവസായ വാണിജ്യ മേഖലയുടെ പുരോഗതിക്ക് ഇതൊരു മുതൽക്കൂട്ടാകുമെന്നും മന്ത്രി പറഞ്ഞു. മലബാർ ആകെ ആഗ്രഹിക്കുന്ന മാറ്റമാണ് ബേപ്പൂരിന്റേത്. നാടിന്റെ ദീർഘകാലത്തെ ആവശ്യത്തെ മനസിലാക്കാൻ മാരി ടൈം ബോർഡിന് സാധിച്ചെന്നും തുറമുഖങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാൻ തുറമുഖം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അക്ഷീണം പ്രവർത്തിച്ചെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
വിദേശ യാത്രാ-ചരക്കു കപ്പലുകൾ തുറമുഖത്ത് പ്രവേശിക്കുന്നതിനും എമിഗ്രേഷൻ ക്ലിയറൻസ് ഉൾപ്പെടെയുള്ള സംവിധാനം നടപ്പാക്കുന്നതിന്റെയും ഭാഗമായാണ് കേന്ദ്രസർക്കാർ ഐ എസ് പി എസ് സർട്ടിഫിക്കേഷൻ നൽകിയത്. ചടങ്ങിൽ മേയര്‍ ഡോ. ബീന ഫിലിപ്പ് വിശിഷ്ടാതിഥിയായി. പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ സെജോ ഗോര്‍ഡിയസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൗണ്‍സിലര്‍മാരായ കൃഷ്ണകുമാരി, എം ഗിരിജ ടീച്ചര്‍, തോട്ടുങ്ങല്‍ രജനി, കെ രാജീവ്, പോർട്ട് ഡെപ്യൂട്ടി ഡയറക്ടർ ക്യാപ്റ്റൻ അശ്വിനി പ്രതാപ്, കേരള മാരിടൈം ബോര്‍ഡ് മെമ്പര്‍മാരായ കാസിം ഇരിക്കൂര്‍, അഡ്വ. എന്‍.പി ഷിബു, അഡ്വ. സുനില്‍ ഹരീന്ദ്രന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി, സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ് പിള്ള സ്വാഗതവും സി.ഇ.ഒ ഷൈൻ എ ഹഖ് നന്ദിയും പറഞ്ഞു.
