രാജ്യത്തിനുവേണ്ടി നിരവധി ദേശീയ അന്തർ ദേശീയ താരങ്ങളെ വാർത്തെടുത്ത മുൻ നാഷണൽ പ്ലയറും സർവീസസ് കോച്ചുമായ വി എം ശ്രീജിത്താണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.
കോഴിക്കോട്: നീണ്ട ഇടവേളയ്ക്ക് ശേഷം വടകര വീണ്ടും വോളിബോൾ ആവേശത്തിലാണ്. വിഖ്യാത വോളി താരം ഇരിങ്ങൽ പപ്പന്‍റേയും പന്തിൽ വിരലുകൾകൊണ്ട് ഇന്ദ്രജാലം കാണിച്ച അയേൺഫിംഗർ മുകുന്ദന്‍റേയും പെരുമ പേറുന്ന വടകരയിൽ കുട്ടികള്‍ക്കായി വോളിബോള്‍ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുകയാണ്. ക്യാമ്പില്‍ പങ്കെടുക്കാനായി നൂറോളം ആണ്‍കുട്ടികളും പെണ്‍കുട്ടികളും എത്തിയിരിക്കുന്നത്.
രാജ്യത്തിനുവേണ്ടി നിരവധി ദേശീയ അന്തർ ദേശീയ താരങ്ങളെ വാർത്തെടുത്ത മുൻ നാഷണൽ പ്ലയറും സർവീസസ് കോച്ചുമായ വി എം ശ്രീജിത്താണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. മുഴുവൻ സമയം കുട്ടികളെ പരിശീലിപ്പിക്കുന്നതാവട്ടെ വോളിബോളിന്‍റെ നെഞ്ചിടിപ്പറിയാവുന്ന മണിയൂർ രാജനും. 10 വയസുമുതൽ 18 വയസുവരേയുള്ളവർ ക്യാമ്പിലുണ്ട്.
ഒരുമാസം നീളുന്ന ക്യാമ്പവസാനിക്കുമ്പോള്‍ ഇന്ത്യൻ വോളിബോളിന് പ്രതീക്ഷയേകുന്ന കുറച്ച് താരങ്ങളെയെങ്കിലും വടകരയിലെ ഈ ക്യാമ്പിന് സംഭാവന ചെയ്യാനാവും. കുട്ടികളുടെ നിലവാരം മനസിലാക്കി അവർക്കാവശ്യമുള്ളവ നൽകുകയാണെന്ന് മണിയൂർ രാജൻ പറഞ്ഞു. വടകരയിൽ ഇക്കാലമത്രയും നിരവധി ക്യാമ്പുകള്‍ നടന്നിട്ടുണ്ട്. അവയെ ഒന്നും ചെറുതായി കാണുന്നില്ല. പക്ഷെ വടകര പോലെ വോളിബോളിന്‍റെ ഈറ്റില്ലം എന്നറിയിപ്പെടുന്നിടത്ത് നിന്ന് ഇന്ത്യൻ പ്രതീക്ഷയാവാൻ നിരവധി താരങ്ങൾ വളർന്നു വരേണ്ടതുണ്ട്.
അതുകൊണ്ടുതന്നെ ക്യാമ്പിന്‍റെ തുടർച്ചയായി ഒരു വോളിബോൾ അക്കാദമിയാണ് തങ്ങൾ ലക്ഷ്യമിടുന്നത്. അത് ഇരിങ്ങൽ പപ്പന്‍റെ പേരിലാവണമെന്നാണ് ആഗ്രഹമെന്ന് ശ്രീജിത്ത് പറഞ്ഞു. വോളി ഫാമിലി പുതുപ്പണമാണ് ക്യാമ്പിന് സഹായസഹകരണങ്ങൾ നൽകുന്നത്. വടകരയിലെ ആദ്യകാല താരങ്ങളായ സോമൻ, മനോജ്, പ്രദോഷ്, രഞ്ജു, അജയൻ, രാജീവൻ, നൗഷാദ്, കരുണൻ, ശാന്തൻ, സുദേഷ്, ജയൻ തുടങ്ങിയവരെല്ലാം ക്യാമ്പിന്‍റെ ഭാഗമാണ്.
