ഇന്നലെ രാവിലെയാണ് രണ്ടിടങ്ങളിലായി മതിലുകള്‍ തകര്‍ന്ന നിലയില്‍ കണ്ടത്
തൃശൂര്‍: ദേശീയപാത നിര്‍മാണത്തിനായി സ്‌കൂള്‍ ഗ്രൗണ്ട് വെട്ടിമുറിച്ച് നല്‍കിയിരിക്കേ വിദ്യാലയത്തിന്റെ മതില്‍ തകര്‍ത്ത് റോഡിന്റെ കാന നിര്‍മാണം. തളിക്കുളം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഹൈസ്‌കൂള്‍ മതിലാണ് ദേശീയപാതയുടെ കാന നിര്‍മാണത്തിലെ അശ്രദ്ധകൊണ്ട് തകര്‍ന്നത്. സ്‌കൂള്‍ കെട്ടിടത്തിനു മുന്നിലെ മതിലും ഗ്രൗണ്ടിനോട് ചേര്‍ന്ന് പുതുതായി നിര്‍മിച്ച മതിലും തകര്‍ന്നിട്ടുണ്ട്. മതിലിനരികിലെ മണ്ണിടിഞ്ഞ് മഴവെള്ള സംഭരണി തകരുമെന്ന നിലയിലാണ്.
ഇന്നലെ രാവിലെയാണ് രണ്ടിടങ്ങളിലായി മതിലുകള്‍ തകര്‍ന്ന നിലയില്‍ കണ്ടത്. നേരത്തെ ദേശീയപാത വികസനത്തിനായി ഗ്രൗണ്ടിന്റെ ഒരു ഭാഗം നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് കായിക മത്സരങ്ങള്‍ക്കും പരിശീലനത്തിനും തീരദേശത്ത് പരിമിതി നേരിടുകയാണ്. അതിനിടേയാണ് നിര്‍മാണക്കമ്പനിയുടെ ഇടിച്ചുവീഴ്ത്തലും ഉണ്ടായത്. സ്കൂളിന്‍റെ ദുരിതത്തിന് എന്ന് പരിഹാരമുണ്ടാകുമെന്ന ചോദ്യമാണ് വിദ്യാർഥികളും രക്ഷിതാക്കളും നാട്ടുകാരും ചോദിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ കോഴിക്കോട് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത നിര്‍മിത ബുദ്ധിയുടെ അനന്ത സാധ്യതകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു നല്‍കാന്‍ ഒരു സര്‍ക്കാര്‍ യു പി സ്‌കൂള്‍ സജ്ജമായി എന്നതാണ്. കോഴിക്കോട് തോട്ടുമുക്കം ഗവ. യു പി സ്‌കൂളാണ് സംസ്ഥാനത്തെ ആദ്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ ഐ) സംവിധാനത്തോടുകൂടിയുള്ള സര്‍ക്കാര്‍ സ്‌കൂള്‍ എന്ന ഖ്യാതി സ്വന്തമാക്കിയിരിക്കുന്നത്. ടെക്ക് ടാലന്റ് ഹബ് എന്നാണ് സ്മാര്‍ട്ട് ക്ലാസ് റൂമിന് പേര് നൽകിയിരിക്കുന്നത്. സ്‌കൂളിലെ അധ്യാപക- രക്ഷാകര്‍തൃ സമിതിയുടെ കീഴിലാണ് പദ്ധതി നടപ്പിലാക്കിയത്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളില്‍ നിര്‍മിത ബുദ്ധി ചെലുത്താന്‍ പോകുന്ന സ്വാധീനം തിരിച്ചറിഞ്ഞുകൊണ്ടാണ് കുട്ടികളെയും ഇതുസംബന്ധിച്ച് അവബോധമുള്ളവരാക്കി മാറ്റാന്‍ തീരുമാനിച്ചതെന്ന് പിടിഎ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു. എഐ പഠന പ്രവര്‍ത്തനങ്ങൾ ഉള്‍കൊള്ളുന്ന പാഠ്യപദ്ധതി, ആവശ്യമായ ഇന്റര്‍നെറ്റ് സൗകര്യം, ലാപ്‌ടോപ്പുകള്‍, എഐ സോഫ്ട്‌വെയറുകള്‍ തുടങ്ങിയ എല്ലാ ഒരുക്കങ്ങളും സ്‌കൂളില്‍ ഇതിനുവേണ്ടി സജ്ജീകരിച്ചതായി പ്രധാനാധ്യാപിക ഷെറീന സൂചിപ്പിച്ചു. സ്‌കൂളിലെ നിലവിലുള്ള ഭൗതിക സാഹചര്യങ്ങള്‍ കൂടാതെ ഒന്നര ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് എഐ സ്മാര്‍ട്ട് ക്ലാസ് റൂം ഒരുക്കിയത്. മുക്കം ഉപജില്ല ഐടി ക്ലബ് കണ്‍വീനര്‍ ഹാഷിദ് കെസിയുടെ നേതൃത്വത്തിലാണ് ക്ലാസ് റൂം നിര്‍മാണം പൂർത്തിയാക്കിയിരിക്കുന്നത്.
