'അതിമനോഹരമായ റോഡിന്റെ വശങ്ങളിലാണ് യാതൊരു വിധ സങ്കോചമോ നാണക്കേടോ തോന്നാതെ മാലിന്യം തള്ളി വൃത്തികേടാക്കിയിരുന്നത്'
മാവേലിക്കര: ചങ്ങനാശ്ശേരി ളായിക്കാടിനടുത്തെ മനോഹരമായ റോഡിൽ മാലിന്യം തള്ളിയവരെ കണ്ടെത്തി പിഴയടപ്പിച്ചെന്ന് മന്ത്രി എം ബി രാജേഷ്. കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് പേർക്ക് 25,000 രൂപ വീതം പിഴ നഗരസഭ ചുമത്തിയെന്നാണ് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. അതിമനോഹരമായ റോഡിന്റെ വശങ്ങളിലാണ് യാതൊരു വിധ സങ്കോചമോ നാണക്കേടോ തോന്നാതെ മാലിന്യം തള്ളി വൃത്തികേടാക്കിയിരുന്നത്. ഉടൻ തന്നെ തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറെ വിളിച്ച് അടിയന്തിര നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ചിരുന്നു. ഇന്നിതാ ആ പ്രദേശം പൂർണ്ണമായി വൃത്തിയാക്കിയിരിക്കുകയാണെന്നും മന്ത്രി വിവരിച്ചു.
മന്ത്രിയുടെ കുറിപ്പ്
ഇക്കഴിഞ്ഞ ദിവസം മാവേലിക്കരയിലേക്കുള്ള യാത്രയ്ക്കിടയിലാണ് ചങ്ങനാശ്ശേരി ളായിക്കാടിനടുത്ത് വഴിയരികിൽ മാലിന്യം വൻ തോതിൽ തള്ളിയത് ശ്രദ്ധയിൽപ്പെട്ടത്. ഇരു ഭാഗങ്ങളിലും കൈവരികൾ സ്ഥാപിച്ചു ഇന്റർലോക്ക് ടൈലുകൾ വിരിച്ച നടപ്പാതയോടു കൂടി റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി നിർമ്മിച്ച അതിമനോഹരമായ റോഡിന്റെ വശങ്ങളിലാണ് യാതൊരു വിധ സങ്കോചമോ നാണക്കേടോ തോന്നാതെ മാലിന്യം തള്ളി വൃത്തികേടാക്കിയിരുന്നത്. ഉടൻ തന്നെ തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറെ വിളിച്ച് അടിയന്തിര നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ചിരുന്നു. ഇന്നിതാ ആ പ്രദേശം പൂർണ്ണമായി വൃത്തിയാക്കിയിരിക്കുകയാണ്. കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് പേർക്ക് 25,000 രൂപ വീതം പിഴയും നഗരസഭ ചുമത്തിയിട്ടുണ്ട്. പ്രദേശത്ത് മാലിന്യം നിക്ഷേപിക്കാതിരിക്കാനുള്ള താത്കാലിക നിരീക്ഷണ സംവിധാനവും ഏർപ്പെടുത്തി. ചങ്ങനാശ്ശേരി എം എൽ എ ജോബ് മൈക്കിളിന്റെ പ്രാദേശിക വികസന ഫണ്ട് പ്രയോജനപ്പെടുത്തി സ്ഥിരം ക്യാമറ സ്ഥാപിക്കും. പോലിസുമായി ചേർന്നുള്ള നിരീക്ഷണ സംവിധാനത്തിനും ഇതിനകം നടപടികൾ ആരംഭിച്ചിട്ടുണ്ട്.
വിഷയം ശ്രദ്ധയിൽപെടുത്തിയ ഉടൻ തന്നെ മാലിന്യം നീക്കി പരിസരം വൃത്തിയാക്കുകയും കുറ്റക്കാരെ കണ്ടെത്തി പിഴ ചുമത്തുകയും ചെയ്ത എൽ എസ് ജി ഡി ജോയിന്റ് ഡയറക്ടറെയും ചങ്ങാനാശ്ശേരി നഗരസഭ അധികൃതരെയും പ്രത്യേകമായി അഭിനന്ദിക്കുന്നു.
കേരളത്തെ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ശക്തമായ നടപടികളുമായി സർക്കാർ മുന്നോട്ട് പോകുകയാണ്. മറ്റ് തദ്ദേശ സ്ഥാപനങ്ങളും ഇതുപോലെ ഇടപെടാനും കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും തയ്യാറാവണം.പൊതു സ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി പിഴ ഈടാക്കുന്നതിനു പുറമെ കടുത്ത നിയമനടപടികളും സ്വീകരിക്കും. വരും നാളുകളിൽ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ജില്ലാതല സ്പെഷ്യൽ എൻഫോഴ്സ്മെൻറ് സ്ക്വാഡിന്റെ പരിശോധന കൂടുതൽ ശക്തമായി തുടരും.

