ഇടുക്കി: ഇന്നലെ പെയ്ത മഴയില്‍ മാത്രം ഇടുക്കി ഡാമില്‍ 3 അടിയാണ് ജലനിരപ്പുയര്‍ന്നത്. ജില്ലയിലെ എല്ലാ അണക്കെട്ടുകളിലും ജലനിരപ്പ് ഉയരുകയാണ്. മലങ്കര, ലോവർ പെരിയാർ, കല്ലാർകുട്ടി, കല്ലാർ, പഴയ മൂന്നാർ ഹെഡ്‍വർക്സ് എന്നീ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി. ഇന്നലെ മഴക്കെടുതിയിൽ ജില്ലയിൽ മാത്രം മൂന്നുപേർ മരിച്ചിരുന്നു. 

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒമ്പതിനായിരുന്നു രണ്ടരപതിറ്റാണ്ടിന് ശേഷം ഇടുക്കി ഡാം തുറന്നത്. ഡാം തുറക്കുന്നത് ആകാംക്ഷയോടെ കാത്തിരുന്നവര്‍ പിന്നീട് കനത്ത പ്രളയത്തെയാണ് അഭിമുഖീകരിച്ചത്. ഇടുക്കി ഡാമിന്‍റെ പരമാവധി സംഭരണശേഷി 2,403 അടിയാണ്.

അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 123.2 അടിയിലെത്തി. ഒരു ദിവസം കൊണ്ട് ഏഴ് അടിയാണ് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നത്. അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശമായ പെരിയാര്‍ കടുവ സങ്കേതത്തില്‍ പെയ്യുന്ന കനത്ത മഴയാണ് ജലനിരപ്പ് ഉയരാന്‍ കാരണം.