കുന്നുമ്മാടി - കുതിരച്ചാൽ നിവാസികളാണ് മഴയിൽ ഏറെ ദുരിതം അനുഭവിക്കുന്നത്. അപ്പർ കുട്ടനാട്ടിൽ ആദ്യം വെള്ളത്തിൽ മുങ്ങുന്ന പ്രദേശമെന്നിരിക്കേ ഇവിടുത്തെ താമസക്കാരെ ക്യാമ്പുകളിലേക്ക് മറ്റേണ്ടിവരും. 

എടത്വാ: കനത്ത മഴയും കിഴക്കൻ വെള്ളത്തിന്റെ വരവും വർധിച്ചതോടെ അപ്പർ കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നു. തലവടി പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. പമ്പാനദിയിലും മണിമലയാറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. തലവടി പഞ്ചായത്ത് മൂന്നാം വാർഡിൽ പൂന്തുരുത്തി, നാലാം വാർഡ് നെരവംതറ, 7-ാം വാർഡ് കുന്നുമ്മാടി - കുതിരച്ചാൽ, 10-ാം വാർഡ് മണലേൽ അംബേദ്കർ, 11-ാം വാർഡ് പുലിത്തട്ട് എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി.

മൂന്ന് ദിവസമായി പെയ്യുന്ന കനത്ത മഴയിൽ നിരണം, തലവടി, എടത്വ, തകഴി, വീയപുരം എന്നീ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങിയിട്ടുണ്ട്. മുട്ടാർ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളും മുട്ടാർ റോഡും വെള്ളത്തിലായതോടെ ജനജീവിതം ദുസഹമായി തീർന്നു. തലവടി, മുട്ടാർ പ്രദേശത്തെ നദികളും തോടുകളും കരകവിഞ്ഞ് ഒഴുകാൻ തുടങ്ങി. മഴ നീണ്ടുനിന്നാൽ തലവടിയിലെ ഒട്ടുമിക്ക വീടുകളും വെള്ളത്തിൽ മുങ്ങും. 

കുന്നുമ്മാടി - കുതിരച്ചാൽ നിവാസികളാണ് മഴയിൽ ഏറെ ദുരിതം അനുഭവിക്കുന്നത്. അപ്പർ കുട്ടനാട്ടിൽ ആദ്യം വെള്ളത്തിൽ മുങ്ങുന്ന പ്രദേശമെന്നിരിക്കേ ഇവിടുത്തെ താമസക്കാരെ ക്യാമ്പുകളിലേക്ക് മറ്റേണ്ടിവരും. ഇന്നലെ മുതലാണ് നദികളിൽ പൊടുന്നനേ ജലനിരപ്പ് ഉയർന്നത്. ഏതാനും ദിവസങ്ങളായി ഇടവിട്ട് ശക്തമായ മഴ പ്രദേശത്ത് ലഭിക്കുന്നുണ്ടായിരുന്നെങ്കിലും ജലനിരപ്പിന് കാര്യമായ മാറ്റം കണ്ടിരുന്നില്ല.

ഇന്നലെയുണ്ടായ ശക്തമായ കാറ്റിൽ മരങ്ങൾ വീണ് തലവടിയിലെ രണ്ട് വീടുകൾക്ക് നാശം സംഭവിച്ചിരുന്നു. തലവടി കാട്ടുനിലം പള്ളി- പ്രിയദർശിനി റോഡിന് കുറുകെ മരം വീണ് ഗതാഗതം നിലച്ചിരുന്നു. പിന്നീട് മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. പ്രദേശത്ത് നിരവധി കരകൃഷിയും നശിച്ചിട്ടുണ്ട്. മഴ നീണ്ടുനിന്നാൽ അപ്പർ കുട്ടനാട് മുങ്ങാനാണ് സാധ്യത.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം