മുന്നൂറ് മീറ്ററോളം പ്രദേശം പൂർണ്ണമായി വെള്ളക്കെട്ടിലാണ്. ഇതുമൂലം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ് നാട്ടുകാർക്ക്.

തൃശൂർ: മഴ ശക്തമായതോടെ റോഡിൽ വെള്ളം കെട്ടി നിന്ന് പുറത്തിറങ്ങാൻ പറ്റാതെ വടക്കേക്കാട് പ്രദേശവാസികൾ. പല വീടുകളിലും വെള്ളം കയറി. ഇവർ ബന്ധുവീടുകളിലേക്ക് മാറാനുള്ള തയ്യാറെടുപ്പിലാണ്. വടക്കേക്കാട് പഞ്ചായത്തിലെ ഏഴാം വാർഡ് ചക്കിത്തറ അഞ്ഞൂർ റോഡിൽ കള്ള് ഷാപ്പിന് സമീപമാണ് അരക്കൊപ്പം വെള്ളം കെട്ടി നില്ക്കുന്നത്. ഒരാഴ്ചയായി ഇവിടെ വെള്ളക്കെട്ട് രുക്ഷമായിട്ട്.

രോഗികളടക്കം നിരവധി പേർ താമസിക്കുന്ന പ്രദേശമാണിത്. മുന്നൂറ് മീറ്ററോളം പ്രദേശം പൂർണ്ണമായി വെള്ളക്കെട്ടിലാണ്. ഇതുമൂലം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ് നാട്ടുകാർക്ക്. ഈ റോഡ് നവീകരിക്കാൻ 46 ലക്ഷം പാസാവുകയും പണികൾക്ക് തുടക്കം കുറിക്കുകയും ചെയ്തിരുന്നു. പണി തുടങ്ങി ഒരുമാസം പിന്നിട്ടിട്ടും പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനാൽ ഈ വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. കൂടാതെ മഴ പെയ്തതോടെ റോഡ് പണി നിശ്ചലമായിരിക്കുകയാണ്. അശാസ്ത്രീയമായാണ് റോഡ് നിർമ്മാണം നടക്കുന്നതെന്ന ആരോപണം തുടക്കത്തിൽ തന്നെ ഉയർന്നിരുന്നു.

വെള്ളം ഒഴുകി പോകാനുള്ള സംവിധാനമില്ലാതെയും റോഡ് ഉയർത്താതെയുമാണ് നിർമ്മാണം നടക്കുന്നതെന്നാണ് ആരോപണം. റോഡിന്‍റെ ഒരു ഭാഗം മാത്രം ഉയർത്തി കട്ട വിരിക്കുന്നുണ്ടെങ്കിലും കള്ള് ഷാപ്പ് ഭാഗം നിലവിലുള്ള സ്ഥിതിയിൽ ടാർ ചെയ്യുകയാണ്. ഇത് പ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരമാകില്ല. റോഡിന്‍റെ ഈ ഭാഗം രണ്ട് അടിയെങ്കിലും ഉയർത്തി ടാർ ചെയ്താൽ ഒരു പരുധിവരെ വെള്ളക്കെട്ടിന് പരിഹാരമാകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.