കല്‍പ്പറ്റ: ഒരു നാടിന്റെ സാസ്‌കാരിക പെരുമ ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നവയാണ് ക്ലബുകള്‍. എന്നാല്‍ വയനാട് ജില്ലയിലെ സുഗന്ധഗിരിക്കാരോടുള്ള അവഗണന പേറുന്ന കഥയാണ് ഇവിടെയുള്ള സുഗന്ധഗിരി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട് ക്ലബ് കെട്ടിടം കാണുന്നവര്‍ക്ക് വായിച്ചെടുക്കാനാകുക. 80-85 കാലഘട്ടത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ ഈ സംസ്‌കാരിക നിലയത്തിന് കീഴില്‍ പ്രതിഭകള്‍ ഏറെയുണ്ടായെങ്കിലും കെട്ടിടം നാള്‍ക്കുനാള്‍ ക്ഷയിച്ചു വന്നു. 

സുഗന്ധഗിരിക്ക് പുറത്ത്  പൊതുകെട്ടിടങ്ങള്‍ നിരവധി ഉയരുമ്പോഴും കാലിത്തൊഴുത്തിന് സമാനമായ കെട്ടിടത്തിലിരുന്നാണ് ഇവിടുത്തെ ജനത നേട്ടങ്ങള്‍ എത്തിപ്പിടിക്കുന്നത്. ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തില്‍ ഇഴജന്തുക്കളെ പേടിച്ചാണ് പി.എസ്.സി ക്ലാസും മറ്റും നടക്കുന്നത്. ജനലുകളും വാതിലുമൊക്കെ ദ്രവിച്ച് അടച്ചുറപ്പില്ലാത്ത കെട്ടിടത്തില്‍ കൊറോണ നിയന്ത്രണങ്ങളെ തുടര്‍ന്ന് ആളുകളെത്താതെ ആയതോടെ കൂടുതല്‍ പരിതാപകരമാണ് കാര്യങ്ങള്‍.

30 വര്‍ഷമായി സുഗന്ധഗിരിക്കാരുടെ കലാ-കായിക വളര്‍ച്ചയുടെ കന്ദ്രമായി നില്‍ക്കുന്ന ക്ലബ് 92-ല്‍ രജിസ്റ്റര്‍ ചെയ്തത് മുതല്‍ പുതിയ കെട്ടിടം എന്ന കാര്യം ജനപ്രതിനിധികളോടും ട്രൈബര്‍ ഡിപ്പാര്‍ട്ട്‌മെന്റിനോടുമൊക്കെ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ക്ലബിന് കീഴില്‍ സമീപത്ത് തന്നെയുള്ള ഫുട്‌ബോള്‍ സ്‌റ്റേഡിയം നവീകരണത്തിനായി പൊഴുതന പഞ്ചായത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അനുവദിച്ച രണ്ട് ലക്ഷം രൂപയൊഴിച്ചാല്‍ മറ്റു സഹായങ്ങളൊന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു. നാട്ടുകാരില്‍ നിന്ന്് സ്വരൂപിച്ച 50000 രൂപ കൂടി ചേര്‍ക്ക് ഇലവന്‍സ് സ്‌റ്റേഡിയമാക്കിയെങ്കിലും മൈതാനത്തിന്റെ അരിക് കെട്ടുന്നതടക്കമുള്ള പ്രവൃത്തികളും ബാക്കി കിടക്കുകയാണ്. സുഗന്ധഗിരി സ്വദേശി കൂടിയായ ജില്ല ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി പ്രവീണിന് കീഴിലും നിലവിലെ സെക്രട്ടറി അനിലിന് കീഴിലും നിരവധി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ 2018-ലെ പ്രളയത്തിന് ശേഷം ക്ലബ്‌കെട്ടിടം അപകടാവസ്ഥയിലായതോടെ തല്‍ക്കാലം പി.എസ്.സി ക്ലാസ് അടക്കമുള്ളവ നിര്‍ത്തിവെച്ചിരിക്കുകയാണ്.

പരിമിതികളിലും ഏറെ നേട്ടങ്ങള്‍
ഫുട്ബാള്‍താരങ്ങള്‍ ഏറെയുള്ള സുഗന്ധഗിരിയില്‍ പരിമിതികള്‍ക്കിടയിലും നിരവധി നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചതായി ക്ലബ് ഭാരവാഹികള്‍ പറയുന്നു. 2001-ല്‍ വയനാട് ജില്ല എ.ഡിവിഷന്‍ ലീഗ് ജേതാക്കളായിരുന്നു സുഗന്ധഗിരി ക്ലബിന് കീഴില്‍ പരിശീലനം നടത്തുന്ന ടീം. തുടര്‍ന്ന് മൂന്ന് തവണ ബി. ഡിവിഷന്‍ ചാമ്പ്യന്‍മാരായിരുന്നു. സംസ്ഥാനതലത്തിലും ഫുട്‌ബോളില്‍ വയനാടിന്റെ അഭിമാനമുയര്‍ത്താന്‍ സുഗന്ധഗിരിക്കാര്‍ക്കായിട്ടുണ്ട്. ക്ലബിന്റെ പ്രവര്‍ത്തന മികവിനുള്ള അംഗീകാരമെന്നോണം 2005-ല്‍ 25 താരങ്ങള്‍ സെപ്റ്റിന്റെ പരിശീലന ക്യാമ്പിലെത്തി. ഇവരില്‍ നിന്നും മിഥുന്‍ എന്ന താരത്തെ സ്വീഡന്‍, ഫിന്‍ലാന്റ്, മലേഷ്യ എന്നീ രാജ്യങ്ങളിലെ പരിശീലന ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു. സംസ്ഥാനത്തിന് വേണ്ടി ജൂനിയര്‍, സബ്ജൂനിയര്‍ മത്സരങ്ങളില്‍ മിന്നുംപ്രകടനം കാഴ്ചവെക്കാനും ഇതിനാല്‍ മിഥുന് കഴിഞ്ഞു. ക്രിക്കറ്റ്, വോളിബോള്‍ തുടങ്ങിയവയില്‍ പരിശീലനം നല്‍കുന്നുണ്ട് ഇവിടെ.

പി.എസ്.സി പരിശീലനം
പി.എസ്.സി പരീക്ഷക്കുള്ള ഒരുക്കങ്ങള്‍ ക്ലബ് നടത്തിവരുന്നു. പുറത്ത് നിന്നുള്ള പ്രഗത്ഭരായ അധ്യാപകരെ വരെ എത്തിച്ച് മികച്ച ക്ലാസുകളാണ് സൗജന്യമായി ക്ലബ് സുഗന്ധഗിരിയിലെ വിദ്യാര്‍ഥികള്‍ക്കായി നല്‍കുന്നത്. എന്നാല്‍ കുട്ടികള്‍ക്ക് ഇരുന്ന് പഠിക്കാനോ മറ്റോ ഉള്ള സൗകര്യങ്ങള്‍ ഇല്ലാത്തതാണ് പ്രശ്‌നം. വേനലില്‍ പോലും മഴപെയ്യുന്ന പ്രദേശമായതിനാല്‍ കെട്ടിടത്തിനുള്ളിലിരുന്നുള്ള പഠനം സാധ്യമല്ല.