അമ്പലപ്പുഴ: ഉര്‍വ്വശീ ശാപം ഉപകാരം എന്നൊരു പറച്ചിലുണ്ട്.അതേ അര്‍ത്ഥത്തില്‍  കൊവി‍ഡിന്‍റെ ഭാഗമായി വന്ന അടച്ചുപൂട്ടലില്‍ ജനം വലയുമ്പോഴും ചില നേട്ടങ്ങളുമുണ്ട് സമൂഹത്തിന്. മദ്യശാലകള്‍ മൂന്ന് മാസത്തോളം പൂട്ടിയിട്ടപ്പോള്‍ മദ്യാസക്തിയില്‍ അഭിരമിച്ചിരുന്നവരില്‍ നല്ലൊരു ശതമാനം തിരികെ ജീവതത്തിലേക്കെത്തിയെന്നാണ് എക്സൈസ് വകുപ്പ് പറയുന്നത്.

ഈ വാദത്തിന് ചില ഉദാഹരണങ്ങള്‍ ചിലയിടങ്ങളില്‍ നിന്ന് പുറത്തുവരുന്നുമുണ്ട്. ലോക്കഡൗണ്‍ കാലത്ത് മദ്യപാനം ഉപേക്ഷിച്ചവര്‍ വാട്‌സാപ് കൂട്ടായ്മ രൂപീകരിച്ച് സന്നദ്ധ പ്രവര്‍ത്തനത്തിന് ഇറങ്ങി എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. നീര്‍ക്കുന്നം കിഴക്ക് സ്വദേശികളായ 29 പേരാണ് കൂട്ടായ്മയിലുള്ളത്. മദ്യം വാങ്ങുന്നതിനായി ചെലവഴിച്ചിരുന്ന തുക സ്വരൂപിച്ച് മൂന്ന് തവണകളായി 150 വീടുകളില്‍ അഞ്ച് കിലോ അരി വീതം എത്തിച്ചു. 

കൂടാതെ അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ സമൂഹ അടുക്കളയിലേക്ക് 150 പേര്‍ക്കുള്ള ധാന്യങ്ങളും നല്‍കി. ഇതിനു പുറമേ ഇന്ന് 150 വീടുകളിലേക്ക് പച്ചക്കറി കിറ്റും നല്‍കാനാണ് തീരുമാനം. ജില്ലാ പഞ്ചായത്ത് അംഗം എആര്‍. കണ്ണന്‍ പച്ചക്കറി കിറ്റ് വിതരണം നിര്‍വഹിക്കും. കൂട്ടായ്മയിലെ അംഗങ്ങള്‍ മദ്യപാനം പൂര്‍ണമായും ഉപേക്ഷിക്കാന്‍  തീരുമാനിച്ചതായും ഇവര്‍ പറയുന്നു. കൂട്ടായ്മയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം ലഹരി വിരുദ്ധ പ്രവര്‍ത്തകനായ ഐ.ഷെഫീക് നിര്‍വഹിച്ചു.