കാര്‍ പിറകിലേക്ക് എടുത്ത് പഠിക്കുന്നതിനിടയില്‍ വീട്ടമ്മ ഓടിച്ച കാര്‍ വീട്ടുപറമ്പിലെ കിണറില്‍ പതിക്കുകയായിരുന്നു
കോഴിക്കോട്: ഡ്രൈവിംഗ് പഠിക്കുന്നതനിടയില്‍ ബ്രേക്കിന് പകരം ആക്‌സിലേറ്ററില്‍ ചവിട്ടിയതിനെ തുടര്‍ന്ന് അപകടം. കോഴിക്കോട് ഫറോക്കിലാണ് അപകടമുണ്ടായത്. കാര്‍ പിറകിലേക്ക് എടുത്ത് പഠിക്കുന്നതിനിടയില്‍ വീട്ടമ്മ ഓടിച്ച കാര്‍ വീട്ടുപറമ്പിലെ കിണറില്‍ പതിക്കുകയായിരുന്നു. ഫറോക്ക് പെരുമുഖം സ്വദേശിനി കാറ്റിങ്ങല്‍ പറമ്പ് വൃന്ദാവനത്തില്‍ സ്‌നേഹലതയെ(60) നിസ്സാര പരിക്കുകളോടെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് വൈകിട്ട് 5.30ഓടെയായിരുന്നു സംഭവം. സ്‌നേഹലത കാര്‍ സ്ഥിരമായി റിവേഴ്‌സ് ഗിയറില്‍ എടുത്ത് പരിശീലിക്കാറുണ്ട്. സമാന രീതിയില്‍ ഇന്നും പരിശീലനിക്കുന്നതിനിടെ അബദ്ധത്തില്‍ ബ്രേക്കിനു പകരം ആക്‌സിലേറ്റര്‍ ഉപയോഗിച്ചതാണ് അപകടത്തിന് ഇടയാക്കിയത്. 14 കോൽ താഴ്ചയുള്ള കിണറിലേക്കാണ് കാര്‍ പതിച്ചത്. വാഹനത്തിന്‍റെ പിറകുവശം ആദ്യം വീണതിനാലാണ് വലിയ അപകടം ഒഴിവായത്. മുന്‍ഭാഗം ഉയര്‍ന്നു നിന്നിരുന്നതിനാല്‍ സ്‌നേഹലതയെ ഡോര്‍ തുറന്ന് എളുപ്പത്തില്‍ പുറത്തെത്തിക്കാനായി. അഗ്നിരക്ഷാ സേനയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.


