റേസില്‍ ഫസ്റ്റ് ക്വാര്‍ട്ടര്‍ ആരംഭിച്ച് മിനിറ്റുകള്‍ക്ക് മാത്രം ശേഷമായിരുന്നു യുകി സുനോഡയുടെ ആര്‍ബി21 അപകടത്തില്‍പ്പെട്ടത്
ഇമോല: ഫോര്‍മുല വണ്ണില്‍ എമിലിയ-റോമഗ്ന ഗ്രാന്‍ഡ് പ്രിക്‌സിന്‍റെ യോഗ്യതാ റൗണ്ടില്‍ ഞെട്ടിക്കുന്ന അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ജാപ്പനീസ് ഡ്രൈവര്‍ യുകി സുനോഡ. റെഡ്‌ബുള്ളിന്‍റെ ഡ്രൈവറായ സുനോഡയുടെ കാര്‍ ക്വാളിഫയര്‍ വണ്ണില്‍ നിയന്ത്രണം വിട്ട് റേസിംഗ് ട്രാക്കിന് പുറത്തേക്ക് പോവുകയായിരുന്നു. നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ കാറിന്‍റെ ഭാഗങ്ങള്‍ മിക്കതും തകര്‍ന്നു തരിപ്പിണമായപ്പോള്‍ യുകി സുനോഡ അത്ഭുതകരമായി രക്ഷപ്പെട്ടു. കാറിന്‍റെ മുകള്‍ഭാഗം അപ്പാടെ തകര്‍ന്നെങ്കിലും പരിക്കിന്‍റെ യാതൊരു ലക്ഷണങ്ങളുമില്ലാതെ സുനോഡ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ഫോര്‍മുല വണ്‍ അധികൃതര്‍ തന്നെ എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്.
റേസില്‍ ഫസ്റ്റ് ക്വാര്‍ട്ടര്‍ ആരംഭിച്ച് മിനിറ്റുകള്‍ക്ക് മാത്രം ശേഷമായിരുന്നു യുകി സുനോഡയുടെ ആര്‍ബി21 അപകടത്തില്‍പ്പെട്ടത്. സുരക്ഷാ സംവിധാനങ്ങളാണ് സുനോഡയുടെ ജീവന്‍ കാത്തത്. അപകടത്തിന് ശേഷം, ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടിലുള്ള സുനോഡയുടെ അറ്റിറ്റ്യൂഡിനെ എക്സില്‍ നിരവധി പേര്‍ പ്രശംസിച്ചു.


