കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയായ അഞ്ചൽ, ഏരൂർ എന്നിവിടങ്ങളിൽ മോഷണം വ്യാപകമായി. കഴിഞ്ഞ ദിവസം മൂന്ന് വീടുകളിൽ കവർച്ച നടന്നു. മോഷ്ടാക്കൾ സ്വർണവും പണവും ഉൾപ്പെടെയുള്ള സാധനങ്ങൾ കൊണ്ടുപോയി. ഒരേ സംഘമാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്ന പൊലീസ് അന്വേഷണം ആരംഭിച്ചു.

കൊല്ലം: കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ വ്യാപക മോഷണം. അഞ്ചൽ, ഏരൂർ പൊലീസ് സ്റ്റേഷൻ പരിധികളിലാണ് മോഷണം വ്യാപകമായി നടക്കുന്നത്. ആലഞ്ചേരി സ്വദേശി ജേക്കബ് ചാക്കോ, അഞ്ചൽ സ്വദേശി എബി, മുതലാറ്റ് സ്വദേശി തങ്കച്ചൻ എന്നിവരുടെ വീടുകളിൽ കഴിഞ്ഞ ദിവസം മോഷണം നടന്നു. സ്വർണവും പണവും അടക്കം നിരവധി സാധനങ്ങൾ മോഷ്ടാക്കൾ കവർന്നു. മൂന്നു വീടുകളിലും മുൻഭാഗത്തെ കതക് കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കൾ അകത്തു കയറിയത്. അലമാരകളും മേശകളും കുത്തിപ്പൊളിച്ച് രേഖകൾ അടക്കം പുറത്തെടുത്ത് നശിപ്പിച്ചു.

ജേക്കബ് ചാക്കോയുടെ വീട്ടിൽ കയറിയ മോഷ്ടാക്കൾ കിടപ്പുമുറിയിൽ മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന നാല് ഗ്രാം തൂക്കം വരുന്ന സ്വർണക്കമ്മലും 5000 രൂപയും സിസിടിവിയുടെ ഹാർഡ് ഡിസ്‌കും അപഹരിച്ചു. വേളാങ്കണ്ണിയിൽ തീർത്ഥയാത്ര പോയി മടങ്ങി വന്ന വീട്ടുകാർ കതക് തുറക്കാൻ ശ്രമിക്കവേയാണ് മോഷണ വിവരം അറിഞ്ഞത്. തങ്കച്ചന്റെ വീട്ടിലെ മുഴുവൻ അലമാരകളും പെട്ടികളും പൊളിച്ച മോഷ്ടാക്കൾ കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കറൻസികളും പെർഫ്യൂമും മോഷ്ടിച്ചു. എബിയുടെ വീട്ടിൽ കതക് പൊളിച്ച് ഉള്ളിൽ കടന്നെങ്കിലും മോഷ്‌ടാക്കൾ കാര്യമായി ഒന്നും കൊണ്ടുപോയില്ല. മൂന്നിടത്തും ഒരേ സംഘമാണ് കയറിയത് എന്നാണ് പ്രാഥമിക നിഗമനം.

വിശദമായ പരിശോധനയിലൂടെ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാവൂ എന്ന് പൊലീസ് പറഞ്ഞു. കൃത്യമായ നിരീക്ഷണത്തിനു ശേഷമാണ് കവർച്ച നടത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ ബോധ്യമായിട്ടുള്ളത്. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.