Asianet News MalayalamAsianet News Malayalam

ആലപ്പുഴയിൽ സ്വകാര്യ ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം ഭർത്താവ് മരണപ്പെട്ടെന്ന പരാതിയുമായി ഭാര്യ

ശനിയാഴ്ച പുലർച്ചെ അഞ്ചിന് ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭപ്പെട്ട സുദർശനനെ നൂറനാട്ടുള്ള സ്വകാര്യാശുപത്രിയിലാണ് ആദ്യം എത്തിച്ചത്...

Wife complains that her husband died due to negligence of the authorities of a private hospital in Alappuzha
Author
Alappuzha, First Published Feb 15, 2021, 11:24 AM IST

ആലപ്പുഴ: സ്വകാര്യ ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം ഭർത്താവ് മരണപ്പെട്ടതായി പരാതിയുമായി ഭാര്യ രം​ഗത്ത്. നൂറനാട് പണയിൽ പള്ളിക്കൽ പുന്തിലേത്ത് സുദർശനന്റെ (64) മരണവുമായി ബന്ധപ്പെട്ടാണ് ഭാര്യ സുലഭകുമാരി മുഖ്യമന്ത്രി, ആരോഗ്യവകുപ്പ് മന്ത്രി, മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ എന്നിവർക്ക് പരാതി നൽകിയത്.

ശനിയാഴ്ച പുലർച്ചെ അഞ്ചിന് ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭപ്പെട്ട സുദർശനനെ നൂറനാട്ടുള്ള സ്വകാര്യാശുപത്രിയിലാണ് ആദ്യം എത്തിച്ചത്. ഡ്യൂട്ടി ഡോക്ടർ പരിശോധിച്ച ശേഷം ഹൃദയസ്തംഭനമാണെന്നും വേഗം പരുമലയിലുള്ള സ്വകാര്യാശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദേശിക്കുകയും ചെയ്തു. 

നൂറനാട്ട് ഓക്സിജൻ സൗകര്യമുള്ള ആംബുലൻസ് ഇല്ലാതിരുന്നതിനാൽ കറ്റാനത്തുനിന്നു ആംബുലൻസ് എത്തിച്ചാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, പരുമലയിലെ ആശുപത്രി അധികൃതർ രോഗിയെ പരിശോധിക്കുവാനോ പ്രാഥമിക ശുശ്രൂഷ നൽകുവാനോ തയ്യാറായില്ലെന്നും, കിടക്കയില്ലെന്ന കാരണം പറഞ്ഞ് മറ്റേതെങ്കിലും ആശുപത്രിയിൽ കൊണ്ടുപോകാൻ നിർദേശിച്ചതായും പരാതിയിൽ പറയുന്നു. 

തുടർന്ന് അദ്ദേഹത്തെ തിരുവല്ലയിലുള്ള സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും അവിടെയും ഇതേ അനുഭവം തന്നെയാണ് ഉണ്ടായത്. പീന്നീട് തിരുവല്ലയിലുള്ള മറ്റൊരു സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അഞ്ച് മിനിട്ട് മുൻമ്പ് കൊണ്ടുവന്നിരുന്നെങ്കിൽ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്ന് ഡോക്ടർ പറഞ്ഞതായും പരാതിയിൽ പറയുന്നു. 

അത്യാസന്ന നിലയിലുള്ള രോഗിയെ അഡ്മിറ്റ് ചെയ്യാനോ ആമ്പുലൻസിൽ കയറി പരിശോധിക്കാനോ തയ്യാറാകാതിരുന്ന സ്വകാര്യ ആശുപത്രികളിലെ അനാസ്ഥ മൂലമാണ് ഭർത്താവിന്റെ ജീവൻ നഷ്ടമായതെന്നും, കുടുംബത്തിന്റെ അത്താണിയായിരുന്ന ആളുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായ ആശുപത്രി അധികൃതർക്കെതിരെ നടപടികൾ ഉണ്ടാകണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

Follow Us:
Download App:
  • android
  • ios