ബൈജു കേസിലെ പ്രധാനിയാണെന്നും ഒന്നാം പ്രതി സന്തോഷിന് കാട്ടുപന്നിയുടെ ഇറച്ചി വില്‍പ്പന നടത്തിയത് ഇയാള്‍ ആണെന്നുമുള്ള വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
തൃശൂര്‍: മാന്ദാമംഗലം ഫോറസ്റ്റ് ഡിവിഷനില്‍ കാട്ടുപന്നിയെ വേട്ടയാടി ഇറച്ചി വില്‍പ്പന നടത്തിയ കേസിലെ ഒന്നാം പ്രതി സന്തോഷിന് ജാമ്യം അനുവദിച്ചതിനെതിരേ അന്വേഷണ ഉദ്യോഗസ്ഥന്‍ തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ ഹര്‍ജി നല്‍കി. തൃശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് സന്തോഷിന് ജാമ്യം അനുവദിച്ചത്. ഇതിനിടെ രണ്ടാം പ്രതി വി പി ബൈജുവിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു.
ബൈജു കേസിലെ പ്രധാനിയാണെന്നും ഒന്നാം പ്രതി സന്തോഷിന് കാട്ടുപന്നിയുടെ ഇറച്ചി വില്‍പ്പന നടത്തിയത് ഇയാള്‍ ആണെന്നുമുള്ള വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ഇയാളുടെ ജാമ്യഹര്‍ജി നിരസിക്കുന്നതിനായി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ സി ഒ സെബാസ്റ്റ്യന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി പി ജോണ്‍സണ്‍ ഹാജരായി.
ഒന്നാം പ്രതിക്ക് ജാമ്യം അനുവദിച്ചതിനെതിരേ തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ അപ്പീല്‍ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ച് നടപടികളാരംഭിച്ചുവെന്നും അപ്പീല്‍ ഹര്‍ജിക്കായി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ ബി സുനില്‍കുമാര്‍ കോടതിയില്‍ ഹാജരാകുമെന്നും പട്ടിക്കാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സി ഒ സെബാസ്റ്റ്യന്‍ അറിയിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം പാലക്കാട് സ്കൂൾ കുട്ടികളുമായി വന്ന ഓട്ടോയിൽ പന്നി ഇടിച്ച് ഓട്ടോ ഡ്രൈവർ മരണപ്പെട്ടിരുന്നു. ഓട്ടോയുടെ ഡ്രൈവർ വക്കാല സ്വദേശിനി വിജിഷ (35) ആണ് മരിച്ചത്. ഓടംതോട് ഭാഗത്ത് നിന്നും സ്കൂൾ കുട്ടികളുമായി വരുകയായിരുന്ന ഓട്ടോയിൽ കരിങ്കയം പള്ളിക്ക് സമീപം വച്ച് പന്നി ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട് ഓട്ടോ മറിയുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. ഓട്ടോയിൽ ഉണ്ടായിരുന്ന മൂന്ന് കുട്ടികൾക്ക് നിസാര പരിക്ക് പറ്റിയതിനെ തുടർന്ന് മംഗലംഡാമിലെ ഹെൽത്ത് വിഷൻ മെഡിക്കൽ സെന്ററിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.
