'ഇനിയും പറ്റില്ല, പരിഹാരം വേണം'! വീട്ടുമുറ്റത്ത് കളിക്കവെ ഈ കുട്ടികൾ നേരിട്ട ആക്രമണം ചൂണ്ടികാട്ടി നാട്ടുകാർ
മംഗലംഡാം വീട്ടിക്കൽകടവ് ശ്രീ സുരുജിയിൽ മുരളീധരന്‍റെ വീട്ടുമുറ്റത്താണ് സംഭവം നടന്നത്

പാലക്കാട്: പാലക്കാട് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്കുണ്ടായ ദുരവസ്ഥയുടെ അരിശത്തിലാണ് മംഗലംഡാം പ്രദേശത്തുള്ളവർ. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികളെ ചീറിപാഞ്ഞെത്തിയ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. മംഗലംഡാം വീട്ടിക്കൽകടവ് ശ്രീ സുരുജിയിൽ മുരളീധരന്‍റെ വീട്ടുമുറ്റത്താണ് സംഭവം നടന്നത്. മൂന്ന് കുട്ടികൾക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. എന്നാൽ പരിക്ക് സാരമുള്ളതല്ലാത്തത് ഭാഗ്യമായി.
സ്വന്തം വീട്ടുമുറ്റത്ത് പോലും ഇത്തരത്തിൽ കാട്ടുപന്നിയുടെ ആക്രമണം നടക്കുന്നതിന്‍റെ രോഷത്തിലാണ് നാട്ടുകാർ. മേഖലയിൽ സ്ഥിരമായി കാട്ടുപന്നിയുടെ ആക്രമണം രൂക്ഷമായിട്ടുണ്ടെന്നും നാട്ടുകാർ ചൂണ്ടികാട്ടിയിട്ടുണ്ട്. ചിലർക്ക് ജീവഹാനി സംഭവിച്ചതടക്കം അവർ വിവരിക്കുന്നു. റോഡിൽ ബൈക്കിന് മുന്നിൽ കുറുകെചാടിയപ്പോഴുണ്ടായ അപകടത്തിൽ അടുത്തിടെ ഒരാൾക്ക് ജീവൻ നഷ്ടമായിരുന്നു. കാട്ടുപന്നിയുടെ ശല്യം നാൾക്കുനാൾ വർധിച്ചുവരികയാണെന്നും ഇനിയും ഇങ്ങനെ പറ്റില്ലെന്നും പരിഹാരം വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ ആലപ്പുഴയിൽ നിന്നും പുറത്തുവന്ന കാട്ടുപന്നി ആക്രമണത്തിന്‍റെ വാർത്ത ചെങ്ങന്നൂരില്‍ കാട്ടുപന്നി ശല്യം രൂക്ഷമാണെന്നതാണ്. ഇവിടെ ഏക്കർ കണക്കിന് കാർഷിക വിളകളാണ് കൂട്ടത്തോടെ എത്തുന്ന പന്നികൾ നശിപ്പിക്കുന്നത്. പലപ്പോഴും ജനങ്ങൾക്ക് നേരെയും പന്നികളുടെ ആക്രമണം ഉണ്ടായിട്ടും ശാശ്വത പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറാകാത്തതില്‍ ജനങ്ങള്‍ കടുത്ത പ്രതിഷേധത്തിലാണ്. ചെങ്ങന്നൂരിലെ മലയോര പ്രദേശങ്ങളായ മുളക്കുഴ, കൊഴുവല്ലൂർ, ഉള്ളന്നൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് കാട്ടുപന്നി ശല്യം രൂക്ഷം. രാത്രിയിൽ കൂട്ടത്തോടെ എത്തുന്ന കാട്ടുപന്നികൾ കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുന്നു. കഴിഞ്ഞ ദിവസം രാത്രി മുളക്കുഴ സ്വദേശികളായ രവി, ഗോപാലകൃഷ്ണൻ നായർ എന്നിവരുടെ ഏക്കർ കണക്കിന് കാർഷിക വിളകള്‍ പന്നികൾ നശിപ്പിച്ചു. വാഴ, ചേമ്പ്, കാച്ചിൽ, കപ്പ തുടങ്ങിയ വിളകളാണ് ഇവിടെ കൃഷി ഇറക്കിയിരുന്നത്. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചെന്ന് കർഷകർ പറയുന്നു. കാർഷിക വിളകൾ നശിപ്പിക്കുന്നതിന് പുറമേ ജനങ്ങൾക്ക് നേരെയും പന്നികളുടെ ആക്രമണം ഉണ്ടാകുന്നുണ്ട്. പന്നി ശല്യം ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ നാട്ടുകാര്‍ നിരന്തരം പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഫലപ്രദമായ നടപടികള്‍ ഒന്നും ഉണ്ടാകുന്നില്ല. പന്നി ശല്യം രൂക്ഷമായതോടെ കാർഷികവൃത്തി തന്നെ ഉപേക്ഷിക്കേണ്ടി വരുമെന്ന് കർഷകർ പറയുന്നു.